Headlines

ഹരിപ്പാട് വീട്ടിൽ നിന്നും അഞ്ചേമുക്കാൽ പവൻ മോഷ്ടിച്ചു; അയൽവാസി അറസ്റ്റിൽ

ഹരിപ്പാട്: സ്വർണം മോഷണംപോയ സംഭവത്തിൽ അയൽവാസിയായ സ്ത്രീ പിടിയിലായി. ആലപ്പുഴ ജില്ലയിലെ ഹരിപ്പാടാണ് സംഭവം. കരുവാറ്റ വടക്കു മണക്കാടൻ പള്ളിപ്പടിയിൽ ലിസിയുടെ വീട്ടിലെ സ്വർണം കാണാതായ സംഭവത്തിലാണ് ഇവരുടെ അയൽവാസിയായ സരസമ്മയെ അറസ്റ്റ് ചെയ്തത്. അഞ്ചേമുക്കാൽ പവന്റെ സ്വർണമാണ് സരസമ്മ മോഷ്ടിച്ചത്. പിന്നീട് അഞ്ചു പവൻ സ്വർണം കവറിലാക്കി വീടിന്റെ മുറ്റത്ത് തിരിച്ചിടുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം വൈകുന്നേരം ആറുമണിയോടെ വീട്ടിൽ ആളില്ലാതിരുന്ന സമയത്ത്, സരസമ്മ വീടിനുള്ളിൽ അതിക്രമിച്ചു കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ചേ മുക്കാൽ പവനോളം സ്വർണം കൈലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വീട്ടുകാർ മടങ്ങി എത്തിയപ്പോൾ വീടിന്റെ വാതിൽ തുറന്നു കിടക്കുന്നതായി തോന്നി പരിശോധിച്ചപ്പോഴാണ് അലമാരയിൽ വെച്ചിരുന്ന സ്വർണം നഷ്ടപ്പെട്ടത് മനസ്സിലാക്കിയത്. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഇന്നലെ രാവിലെ മോഷണം പോയതിൽ അഞ്ച് പവൻ സ്വർണം വീടിന്റെ മുന്നിൽ നിന്നും കവറിൽ ആക്കിയ നിലയിൽ തിരികെ കിട്ടിയിരുന്നു. മുക്കാൽ പവന്റെ വള മാത്രമാണ് നഷ്ടമായിരുന്നത്. അയൽവാസിയായ സരസമ്മയെ സംശയമുള്ളതായി വീട്ടുകാർ പൊലീസിനെ അറിയിച്ചു. ഇവർക്ക് മോഷണം നടന്ന വീടുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. ഇതോടെ, പൊലീസ് സരസമ്മയെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ സരസമ്മ കുറ്റം സമ്മതിക്കുകയായിരുന്നു. മുക്കാൽ പവൻ വള പണയം വെക്കുകയായിരുന്നു എന്നും പൊലീസിനോട് പറഞ്ഞു. ഇതും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: