തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും മന്ത്രിമാരുടെ പിടിപ്പുകേടും ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് കാരണമായെന്ന് സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിൽ. തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി പരാജയപ്പെട്ടത് ഭരണവിരുദ്ധ വികാരത്തെ തുടർന്നെന്ന ജില്ലാ എക്സിക്യൂട്ടീവ് വിലയിരുത്തലിന് പിന്നാലെയാണ് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിലും രംഗത്തെത്തിയത്.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ രൂക്ഷ വിമർശനമാണ് യോഗത്തിൽ ഉയർന്നത്. മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്ന് ജില്ലാ കൗൺസിലിൽ വിമർശനം ഉയർന്നു. മുഖ്യമന്ത്രിയുടെ മകളുടെ പേരിലുള്ള അഴിമതി ആരോപണവും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നാണ് ജില്ലാ കൗൺസിലിന്റെ വിലയിരുത്തൽ. നവകേരള സദസ് ധൂർത്തായി മാറിയെന്ന് കൗൺസിലിൽ വിമർശനം ഉയർന്നു. നടന്നത് വലിയ പണിപ്പിരിവാണെന്നും ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പണം പിരിച്ചെന്നുമാണ് വിമർശനം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഭരണവിരുദ്ധവികാരമാണെന്ന് സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിൽ പറയുന്നു.
മന്ത്രിമാരുടെ പ്രകടനം മോശമെന്നാണ് ജില്ലാ കൗൺസിലിന്റെ വിലയിരുത്തൽ. ലോക് സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ വിമർശനം കടുപ്പിച്ചിരിക്കുകയാണ് സിപിഐ. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനമൊഴിയണമെന്ന് സിപിഐ തിരുവനന്തപുരം ജില്ല എക്സിക്യൂട്ടീവ് യോഗത്തിൽ ആവശ്യം ഉയർന്നിരുന്നു.

