തിരുവനന്തപുരം: നെയ്യാറ്റിൻകര കുന്നത്തുകാലിൽ തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് കടപുഴകി വീണ് മരിച്ച തൊഴിലാളി സ്ത്രീകളുടെ കുടുബത്തിന് ധനസഹായം നൽകാൻ തീരുമാനിച്ച് സർക്കാർ. രണ്ട് പേരുടെയും കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. തൊഴിലുറപ്പ് നിയമപ്രകാരം മരിച്ചവരുടെ കുടുംബം ധനസഹായത്തിന് അർഹരാണ്. നിയമപരമായ അവകാശികൾക്ക് 15 ദിവസത്തിനകം തുക കൈമാറുമെന്നും സർക്കാർ പ്രതിനിധികൾ അറിയിച്ചു. അതേസമയം അപകടത്തിൽ പരിക്കേറ്റ അഞ്ച് തൊഴിലാളികളുടെയും ചികിത്സ ചെലവുകൾ എൻആർഇജിഎസ് (NREGS) വഹിക്കും. മാത്രമല്ല തൊഴിലുറപ്പ് നിയമമനുസരിച്ച് പരിക്കേറ്റവർക്ക് അവർക്ക് ചെയ്യാൻ സാധിക്കുമായിരുന്ന തൊഴിൽ ദിനങ്ങളുടെ പകുതി കൂലിയും നൽകും.
നെയ്യാറ്റിൻകര കുന്നത്തുകാലിൽ ശനിയാഴ്ചയുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ ആണ് മരിച്ചത്. പാലത്തിൽ ഇരുന്ന് പ്രഭാത ഭക്ഷണം കഴിക്കുകയായിരുന്ന രണ്ട് തൊഴിലുറപ്പ് തൊഴിലാളികളുടെ തലയിലേക്കാണ് തെങ്ങ് കടപുഴകിത് ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. ചാവടി സ്വദേശികളുമായ വസന്തകുമാരി, ചന്ദ്രിക എന്നിവരാണ് മരിച്ചത്.
അപകടമുണ്ടായ സമയത്ത് വസന്തകുമാരിക്കും ചന്ദ്രികയ്ക്കുമൊപ്പം ഉണ്ടായിരുന്ന 5 തൊഴിലാളികൾക്കും ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇവരെ കാരക്കോണം മെഡിക്കൽ കോളജിലേക്ക് മാറ്റി. സ്നേഹലത (54), ഉഷ (59) എന്നിവർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. അപകടം നടക്കുന്ന സമയത്ത് തൊഴിലാളികളിൽ പലരും ചിതറി ഓടുകയുണ്ടായി, ഇവർക്കും പരുക്കുകൾ പറ്റിയിട്ടുണ്ട്. ഏകദേശം 48 തൊഴിലാളികൾ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് വിവരം കനാൽ വൃത്തിയാകുന്നതിനായിട്ടാണ് തൊഴിലാളികൾ എത്തിയത്. തെങ്ങിന് ഏറെ കാലപ്പഴക്കം ഉള്ളതായിട്ടാണ് വിവരം. പാറശ്ശാല ഫയർഫോഴ്സും വെള്ളറട പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
തെങ്ങ് കടപുഴകി വീണ് മരിച്ച തൊഴിലാളി സ്ത്രീകളുടെ കുടുബത്തിന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ തീരുമാനിച്ച് സർക്കാർ

