കൊച്ചി: സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. കെഎസ്ആർടിസി പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം.
കെഎസ്ആർടിസി പെൻഷൻ വിതരണത്തിന് പണമില്ലെന്ന് ചീഫ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണ്. ദൈനംദിന പ്രവർത്തനങ്ങൾക്ക് പോലും പണം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണെന്നും ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധി മൂലമാണ് പെൻഷൻ വിതരണം മുടങ്ങിയത്. കെഎസ്ആര്‍ടിസിക്ക് ധനസഹായം നല്‍കേണ്ടത് സര്‍ക്കാരിന്‍റെ ബാധ്യതയല്ല. എങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാറുണ്ടെന്നും സഹായം വിതരണം ചെയ്യാറുണ്ടെന്നും ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു.
പെന്‍ഷന്‍ വിതരണം മുടങ്ങിയതിനെ തുടര്‍ന്ന് കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഹാജാരാകാനായി നേരത്തെ കോടതി ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ ചീഫ് സെക്രട്ടറി ഹാജരായിരുന്നില്ല.
ഓണ്‍ലൈനിലൂടെ ഇന്ന് ഹാജരായ ചീഫ് സെക്രട്ടറി, കേരളീയത്തിന്‍റെ തിരക്കും പ്രശ്നങ്ങളും മൂലമാണ് നേരത്തെ ഹാജരാകാൻ കഴിയാതിരുന്നതെന്നും കോടതിയെ അറിയിച്ചു.
ഈ ഘട്ടത്തിലാണ് സർക്കാരിനെ കോടതി വിമർശിച്ചത്. ആഘോഷത്തിനല്ല, മനുഷ്യന്‍റെ ജീവതപ്രശ്നത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് കോടതി വ്യക്തമാക്കി. നവംബർ 30നകം ഒക്ടോബർ, നവംബർ മാസത്തെ പെൻഷൻ നൽകണം. ഇതിൽ വീഴ്ച വരുത്തിയാൽ ചീഫ് സെക്രട്ടറിയെയും കെഎസ്ആർടിസി എംഡിയെയും വിളിച്ചുവരുത്തേണ്ടിവരുമെന്നും കോടതി അറിയിച്ചു.
ഒക്ടോബറിലെ പെന്‍ഷന്‍ ഈ മാസം മുപ്പതിനകം വിതരണം ചെയ്യുമെന്നും ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.

