Headlines

മുഖത്തു നോക്കാതെ ഗവര്‍ണറും മുഖ്യമന്ത്രിയും, അടുത്തിരുന്നിട്ടും അഭിവാദ്യമില്ല

തിരുവനന്തപുരം: പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പരസ്പരം മിണ്ടാതെ മുഖ്യമന്ത്രിയും ഗവർണറും. അടുത്തടുത്ത് ഇരുന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയനോ, ഗവർണർ ആരിഫ് മുഹമ്മദ് ഖാനോ ഹസ്തദാനം ചെയ്യാനോ, പരസ്പരം മുഖത്ത് നോക്കാനോ തയ്യാറായില്ല. സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഖ്യമന്ത്രിക്ക് പിന്നിലൂടെ ഗവർണർ കടന്നുപോകുകയും ചെയ്തു. രാജ്ഭവനിലെ ചായസൽക്കാരത്തിൽ പങ്കെടുക്കാതെ മുഖ്യമന്ത്രിയും മടങ്ങി.

വൈകിട്ട് നാലുമണിയോടെയാണ് പുതിയ മന്ത്രിമാരായി രാമചന്ദ്രൻ കടന്നപ്പള്ളിയും കെബി ഗണേഷ് കുമാറും ചുമതലയേറ്റു. രാജ്ഭവനിൽ ഒരുക്കിയ പന്തലിലെ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. രാമചന്ദ്രൻ കടന്നപ്പള്ളി സഗൗരവത്തിലും ഗണേഷ് കുമാർ ദൈവനാമത്തിലും സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിച്ചു. പുതിയ മന്ത്രിമാർ പങ്കെടുക്കുന്ന മന്ത്രിസഭായോഗം ജനുവരി മൂന്നിന് ചേരും.

ഏക എംഎൽഎയുള്ള പ്രധാന ഘടകകക്ഷികൾ രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കിടാമെന്ന എൽഡിഎഫിലെ ധാരണ അനുസരിച്ചാണു മന്ത്രിപദവി വച്ചുമാറ്റം. ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണു കോൺഗ്രസ്(എസ്), കേരള കോൺഗ്രസ്(ബി) പ്രതിനിധികൾ മന്ത്രി സ്ഥാനത്തേക്ക് എത്തിയത്.

കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റുകൂടിയായ കടന്നപ്പള്ളി മൂന്നാംതവണയാണ് മന്ത്രിയാകുന്നത്. കേരള കോൺഗ്രസ് ബി ചെയർമാനും ചലച്ചിത്രനടനുമായ കെ ബി ഗണേഷ്കുമാർ 2001 മുതൽ പത്തനാപുരം മണ്ഡലത്തിൽനിന്നുള്ള നിയമസഭാംഗമാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: