ന്യൂഡല്‍ഹി: കുട്ടിയുടെ യഥാര്‍ഥ പിതാവിനേക്കാള്‍ സംരക്ഷണാവകാശം മുത്തച്ഛനും മുത്തശ്ശിക്കും ഉണ്ടാകില്ലെന്ന് സുപ്രീംകോടതി. കുട്ടിയുടെ അമ്മയുടെ മരണ ശേഷം പത്ത് വര്‍ഷത്തോളം പിതാവിനൊപ്പം താമസിച്ചിരുന്ന കുട്ടിയുടെ സംരക്ഷണം പിന്നീട് മുത്തച്ഛനും മുത്തശ്ശിക്കും ഹൈക്കോടതി അനുവദിച്ചു നല്‍കുകയായിരുന്നു. ഇതിനെതിരെ പിതാവ് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
പിതാവ് പുനര്‍വിവാഹം ചെയ്തുവെന്ന കാരണത്താലാണ് കുട്ടിയുടെ സംരക്ഷണ അവകാശം മുത്തച്ഛനും മുത്തച്ഛനും നല്‍കാനിടയായത്. ജസ്റ്റിസുമാരായ ബി ആര്‍ ഗവായി, കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കുട്ടിയെ പിതാവിനൊപ്പം വിടാന്‍ ഉത്തരവിട്ടത്.
കുട്ടിയുടെ അമ്മ ജീവിച്ചിരുന്ന കാലത്ത് ദമ്പതിമാര്‍ തമ്മില്‍ വളരെ സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നത്. പിതാവിന് നല്ല ജോലിയും വിദ്യാഭ്യാസവുമുള്ളയാളുമാണ്. അതുകൊണ്ടു തന്നെ കുട്ടിയുടെ ക്ഷേമത്തിനായി സംരക്ഷണം പിതാവിന് നല്‍കുന്നതാണ് അനുയോജ്യമെന്ന് വിശ്വസിക്കുന്നുവെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
