ന്യൂഡല്‍ഹി: മുപ്പത്തിയേഴര കോടി ഇന്ത്യക്കാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് അവകാശപ്പെട്ട് ഹാക്കര്‍ രംഗത്തെത്തി. എയര്‍ടെല്‍ സിം കാര്‍ഡ് ഉപയോഗിക്കുന്നവരുടെ വിവരങ്ങളാണ് ചോര്‍ത്തിയതെന്ന് സെന്‍സന്‍ (xenZen)എന്നു പേരുള്ള ഹാക്കര്‍ പറയുന്നു. ഡാര്‍ക്ക് വെബില്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ വില്‍പനയ്ക്കു വച്ചിട്ടുണ്ടെന്നുമാണ് അവകാശ വാദം.
എന്നാല്‍, വാര്‍ത്ത എയര്‍ടെല്‍ അധികൃതര്‍ നിഷേധിച്ചു. ഹാക്കിങ് നടന്നത് ജൂണ്‍ മാസത്തിലാണെന്ന് പറയുന്നു. എന്നാല്‍, അത്തരത്തിലുള്ള വിവര ചോര്‍ച്ച തങ്ങളുടെ സംവിധാനത്തില്‍ സംഭവിച്ചിട്ടില്ല. കമ്പനിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരത്തിലുള്ള ആരോപണങ്ങളെന്നാണ് എയര്‍ടെല്‍ വ്യക്തമാക്കിയത്. ഡാര്‍ക്ക് വെബില്‍ നടക്കുന്ന അനധികൃത ഇടപാടുകളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന ഡാര്‍ക്ക് വെബ് ഇന്‍ഫോര്‍മര്‍ എന്ന എക്‌സ് പേജിലാണ് ആദ്യം ഇതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്.
37.5 കോടി പേരുടെ വിവരങ്ങള്‍ അന്‍പതിനായിരം യു എസ് ഡോളറിനാണ് (ഏകദേശം 41 ലക്ഷം രൂപ) വില്‍പനയ്ക്കു വച്ചതെന്ന് എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലുണ്ട്. ഇത്രയും തുകയ്ക്കു തുല്ല്യമായ ക്രിപ്‌റ്റോ കറന്‍സിയാണ് ഹാക്കര്‍ ആവശ്യപ്പെടുന്നത്. പേരും മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും തുടങ്ങി ജനനത്തീയതി വരെ ചോര്‍ത്തിയ വിവരങ്ങളിലുണ്ട്. നേരത്തെ വിദേശകാര്യ മന്ത്രാലയത്തിന്റെ പക്കലുള്ള ഡിപ്ലോമാറ്റിക്ക് പാസ്‌പോര്‍ട്ട് ഹോള്‍ഡര്‍മാരുടെ വിവരങ്ങളും ഇത്തരത്തില്‍ ചോര്‍ത്തിയതായി ചൈനീസ് ഹാക്കറായ സെന്‍സെന്‍ അവകാശപ്പെട്ടിരുന്നു.

