ന്യൂഡൽഹി: കുട്ടിയുടെ ആധാർ ഏഴ് വയസ്സ് കഴിഞ്ഞിട്ടും പുതുക്കിയിട്ടില്ലേ? എങ്കിൽ ഇനി പണികിട്ടും, അഞ്ചു വയസ്സിനുമുമ്പ് എടുത്ത ആധാർ ഏഴു വയസ്സ് കഴിഞ്ഞിട്ടും പുതുക്കിയില്ലെങ്കിൽ ആധാർ അസാധുവാകുമെന്ന് യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.
ആധാറിലെ നിർബന്ധിത ബയോമെട്രിക് പുതുക്കലിനായി കുട്ടികളുടെ ആധാർ എടുക്കുമ്പോൾ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നമ്പറിലേക്ക് മെസേജ് അയച്ചുവരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
പുതുക്കിയില്ലെങ്കിൽ ആധാറുമായി ബന്ധിപ്പിച്ച വിവിധ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടുന്നതിൽ കുട്ടികൾക്ക് പ്രശ്‌നങ്ങൾ നേരിടേണ്ടിവരുമെന്ന് യു.ഐ.ഡി.എ.ഐ ഉദ്യോഗസ്ഥൻ പറഞ്ഞു.
അഞ്ച് വയസിന് താഴെയുള്ള ഒരു കുട്ടി ആധാറിൽ ചേരുമ്പോൾ, അവരുടെ ഫോട്ടോ, പേര്, ജനന തിയതി, ലിംഗഭേദം, വിലാസം, തെളിവ് രേഖകൾ എന്നിവ നൽകണം. ആധാർ എൻറോൾമെന്റിനായി വിരലടയാളങ്ങളും ഐറിസ് ബയോമെട്രിക്സും ശേഖരിക്കില്ല. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച്, കുട്ടിക്ക് അഞ്ച് വയസ് തികയുമ്പോൾ ആധാറിൽ വിരലടയാളം, ഫോട്ടോ എന്നിവ നിർബന്ധമായും അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.
അഞ്ച് വയസിനും ഏഴ് വയസിനും ഇടയിൽ പ്രായമുള്ള കുട്ടിയാണ് നിർബന്ധിത ബയോമെട്രിക് പുതുക്കൽ നടത്തുന്നതെങ്കില്‍ അത് സൗജന്യമാണ്, എന്നാൽ ഏഴ് വയസിന് ശേഷം, അപ്‌ഡേറ്റിന് മാത്രം 100 രൂപ നിശ്ചിത ഫീസ് ഉണ്ട്.
