മകനോടുള്ള വൈരാഗ്യം തീർക്കാൻ മകൻ്റെ കടയിൽ കഞ്ചാവ് ഒളിപ്പിച്ചു; ഓട്ടോഡ്രൈവർ പിടിയിൽ

മാനന്തവാടി: മകനോടുള്ള വൈരാ​ഗ്യം തീർക്കാൻ ടൗണിലുള്ള മക​ന്റെ കടയില്‍ കഞ്ചാവ് ഒളിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിലായി. ടൗണിലെ പി.എ ബനാന എന്ന സ്ഥാപനത്തിലാണ് കഞ്ചാവ് ഒളിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് മാനന്തവാടി പയ്യമ്പള്ളി സ്വ​ദേശി കൊല്ലശ്ശേരിയില്‍ വീട്ടില്‍ 38കാരനായ ജിന്‍സ് വര്‍ഗീസിനെയാണ് എക്സൈസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ആറിനാണ് കടയിൽ കഞ്ചാവ് ഒളിപ്പിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിക്കുന്നത്. ഇതി​ന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

വിവരത്തിന്ററെ അടിസ്ഥാനത്തില്‍ മൈസൂര്‍ റോഡില്‍ കല്ലാട്ട് മാളിന് സമീപം പ്രവര്‍ത്തിക്കുന്ന പി.എ ബനാന എന്ന സ്ഥാപനത്തില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ കടക്കുള്ളില്‍ നിന്ന് 2.095 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു. കടയുടെ ഉടമസ്ഥനായ മാനന്തവാടി ചെറ്റപ്പാലം പുത്തന്‍ത്തറ വീട്ടില്‍ പി.എ. നൗഫല്‍ എന്നയാളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും തുടര്‍ന്നുള്ള വിശദമായ അന്വേഷത്തില്‍ കഞ്ചാവ് ഒളിപ്പിച്ചത് ജിന്‍സ് വര്‍ഗീസും കൂട്ടാളികളുമാണെന്ന് തെളിഞ്ഞു. ഇതോടെയാണ് ജിന്‍സിനെയും കൂട്ടുപ്രതികളെയും തേടി എക്‌സൈസ് ഇറങ്ങിയത്.

കടയുടെ പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച അന്വേഷണ സംഘം സംഭവത്തില്‍ ഒന്നിലധികം പേര്‍ക്ക് പങ്കുള്ളതായും കണ്ടെത്തി. ചില സാക്ഷിമൊഴികള്‍ കൂടി ലഭിച്ചതോടെ ജിന്‍സിനെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. സ്വന്തം പിതാവ് അബുബക്കര്‍ തന്നെയായിരുന്നു കഞ്ചാവ് കേസില്‍ കുടുക്കി നൗഫലിനെ ജയിലില്‍ ആക്കാനുള്ള തന്ത്രം പയറ്റിയത്.

അബൂബക്കറിന് നൗഫലിനോട് കുടുംബപരമായ പ്രശ്‌നങ്ങളില്‍ വൈരാഗ്യം ഉണ്ടായിരുന്നു. ഇതിന്റെ പേരില്‍ നൗഫലിനെ കേസില്‍ ഉള്‍പ്പെടുത്തി ജയിലാക്കുകയെന്നതായിരുന്നു ലക്ഷ്യം. അതിനായി അബൂബക്കറിന്റെ സുഹൃത്തായ ഔത എന്ന അബ്ദുള്ള, ജിന്‍സ് വര്‍ഗീസ്, അബൂബക്കറിന്റെ പണിക്കാരനായ കര്‍ണാടക അന്തര്‍സന്ധ സ്വദേശിയായ ഒരാളും ചേര്‍ന്ന് ഗൂഢാലോചന നടത്തി ജിന്‍സ് വര്‍ഗീസിന്റെ ഓട്ടോറിക്ഷയില്‍ കഞ്ചാവ് എത്തിച്ച് നൗഫലിന്റെ പി.എ ബനാന എന്ന സ്ഥാപനത്തില്‍ കൊണ്ടുവെക്കുകയായിരുന്നു.

ഓട്ടോ ഡ്രൈവറായ ജിന്‍സ് വര്‍ഗീസിനെ ചോദ്യം ചെയ്തപ്പോഴാണ് ചതിയുടെ വിവരം പുറത്തുവരുന്നത്. അറസ്റ്റിലായ പ്രതി ജിന്‍സ് വര്‍ഗീസിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്. കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മാനന്തവാടി ജില്ല ജയിലില്‍ ഇയാളെ റിമാന്‍ഡ് ചെയ്തത്. അബൂബക്കര്‍ അടക്കം മറ്റുപ്രതികകള്‍ക്കായുള്ള അന്വേഷണം എക്‌സൈസ് സംഘം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: