തിരുവനന്തപുരം:സംസ്ഥാനത്ത് ചൂട് കനക്കുന്ന സാഹചര്യത്തില്‍ ഇടുക്കിയില്‍ അതീവ ജാഗ്രത മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു.
യു വി ഇൻഡെക്‌സ് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് ഇടുക്കിയിലാണ്. മൂന്നാറില്‍ 8 ആണ് യു വി ഇൻഡെക്‌സ് രേഖപ്പെടുത്തിയിരിക്കുന്നത്.മൂന്ന് ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, വയനാട് ജില്ലകളിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ ജില്ലകളില്‍ യു വി ഇൻഡെക്‌സ് ആറാണ്.
ചൂട് കൂടുന്നതിന് അനുസരിച്ച് യു വി സൂചികയും വർധിക്കുന്നുണ്ട്. തുടർച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമായേക്കാം. ജനങ്ങള്‍ സുരക്ഷാമുൻകരുതലുകള്‍ സ്വീകരിക്കണമെന്നാണ് നിർദേശം
സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം എന്നിവയ്ക്ക് സാധ്യതയുണ്ട്. ധാരാളം വെള്ളം കുടിക്കുക. എന്നാല്‍ മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ നിർജ്ജലീകരണത്തിന് കാരണമാകുന്ന പാനീയങ്ങള്‍ പകല്‍ സമയത്ത് പൂർണ്ണമായും ഒഴിവാക്കണം. അത്യാവശ്യ ഘട്ടങ്ങളില്‍ പുറത്തിറങ്ങുന്നവർ കുട, തൊപ്പി എന്നിവ ഉപയോഗിക്കാനും കട്ടി കുറഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാനും ശ്രദ്ധിക്കണം.
നിർമ്മാണ തൊഴിലാളികള്‍, കർഷകർ, വഴിയോര കച്ചവടക്കാർ എന്നിവർ ജോലി സമയം ക്രമീകരിക്കണമെന്നും അധികൃതർ അറിയിച്ചു. കടുത്ത ക്ഷീണമോ തളർച്ചയോ അനുഭവപ്പെട്ടാല്‍ ഉടൻ ചികിത്സ തേടേണ്ടതാണ്.


