ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തോൽവി; വൻ വിജയം നേടി ഇന്ത്യ സഖ്യം

ഡൽഹി: ഉപതെരഞ്ഞെടുപ്പിൽ വൻ വിജയം നേടി ഇന്ത്യ സഖ്യം. കനത്ത തോൽവി ഏറ്റുവാങ്ങി ബിജെപി. ഏഴ് സംസ്ഥാനങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പിൽ 13 നിയമസഭാ സീറ്റുകളിൽ പത്തിടത്തും ഇന്ത്യാ സഖ്യത്തിലെ പാര്‍ട്ടികൾ വിജയം കൈവരിച്ചു. ഭാരതീയ ജനതാ പാർട്ടി രണ്ട് സീറ്റുകൾ മാത്രമാണ് നേടിയത്

ഇതിൽ പശ്ചിമ ബംഗാളിലെ നാല് സീറ്റിൽ തൃണമൂൽ കോൺഗ്രസും ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലുമായി നാല് സീറ്റിൽ കോൺഗ്രസും തമിഴ്നാട്ടിലെ സീറ്റിൽ ഡിഎംകെയും പഞ്ചാബിലെ സീറ്റിൽ ആം ആദ്മി പാര്‍ട്ടിയും ജയിച്ചു. ഈ സീറ്റുകളില്ലെല്ലാം ബിജെപി സ്ഥാനാര്‍ത്ഥികൾ തോറ്റു. ഹിമാചലിലും മധ്യപ്രദേശിലും ഓരോ സീറ്റിൽ മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്. ഈ രണ്ട് സീറ്റുകളിലും കോൺഗ്രസ് സ്ഥാനാര്‍ത്ഥികൾക്കെതിരെയാണ് ജയം. ബിഹാറിലെ രുപോലിയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ശങ്കര്‍ സിങാണ് വിജയിച്ചത്.

പശ്ചിമ ബംഗാളിൽ മത്സരം നടന്ന നാലിൽ മൂന്നിടത്ത് ബിജെപി എംഎൽഎമാർ രാജിവച്ച് ടിഎംസിയിൽ ചേർന്നതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇവിടങ്ങളിൽ കോൺഗ്രസ് – ഇടത് സഖ്യം എല്ലാ സീറ്റിലും മൂന്നാമതായി. ഹിമാചൽ പ്രദേശിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നിൽ രണ്ടിടത്തും കോൺഗ്രസ് സ്ഥാനാർത്ഥികളാണ് മുന്നിൽ. ദെഹ്രയിൽ മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖുവിന്റെ ഭാര്യ കമലേഷ് താക്കൂർ 9300 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഹാമിർ പൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി ആശിഷ് ശർമ്മയുടെ വിജയം മാത്രമാണ് ബിജെപിക്ക് ആശ്വസിക്കാനുള്ളത്. മൂന്നിടത്തും കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നതാണ് ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്.

മധ്യപ്രദേശിലെ ഒരു സീറ്റിൽ ബിജെപി ജയിച്ചു. തമിഴ്നാട്ടിലെ വിക്രവാണ്ടി മണ്ഡലത്തിൽ ഡിഎംകെ സ്ഥാനാർത്ഥി അണ്ണിയൂർ ശിവ വൻ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പിച്ചു. പഞ്ചാബിലെ ജലന്ധർ വെസ്റ്റിൽ മുപ്പത്തിയേഴായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എഎപി സ്ഥാനാർത്ഥി മോഹീന്ദർ ഭഗത് വിജയിച്ചത്. എംഎൽഎയായിരിക്കേ ബിജെപിയിൽ ചേർന്ന ശീതൾ അംഗുർലാൽ കനത്ത പരാജയം ഏറ്റുവാങ്ങി. ബിഹാറിലെ രുപൗലിയിൽ ജെഡിയു എംഎൽഎ ആർജെഡിയിൽ ചേർന്നതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ തുണച്ച സംസ്ഥാനങ്ങളിൽ പോലും വിജയിക്കാനായത് കോൺഗ്രസിന് വൻ ഊർജ്ജം നൽകുകയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: