മുംബൈ: നഗരത്തില്‍ പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴയെത്തുടർന്ന് ജനജീവിതം ദുസഹമായി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായി. ഗതാഗതം തടസപ്പെടുകയും വിമാന സർവീസുകളെ ഇത് ബാധിക്കുകയും ചെയ്തു. ഇന്നും നാളെയും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുംബൈ, താനെ എന്നിവിടങ്ങളില്‍ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 3-4 മണിക്കൂറിനുള്ളിൽ മുംബൈയില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഐഎംഡിയുടെ പ്രവചനം. ഇതുവരെ വിമാന സര്‍വീസുകളൊന്നും നിര്‍ത്തലാക്കിയിട്ടില്ലെങ്കിലും ഇൻഡിഗോ എയർലൈൻസ് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫ്ലൈറ്റ് സ്റ്റാറ്റസ് നിരന്തരം നിരീക്ഷിക്കാനാണ് യാത്രക്കാർക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.
ഐഎംഡിയുടെ കണക്കനുസരിച്ച്, വെള്ളിയാഴ്ച രാവിലെ 7:45 വരെ, നഗരത്തിൽ വ്യത്യസ്‌ത തോതില്‍ മഴ ലഴിച്ചു. ബൈകുല്ലയിൽ 100.5 മില്ലിമീറ്റർ, മഹാലക്ഷ്മിയിൽ 41 മില്ലിമീറ്റർ, മാട്ടുംഗ 99 മില്ലിമീറ്റർ, സിയോൺ 100 മില്ലിമീറ്റർ, ദഹിസർ 57.5 മില്ലിമീറ്റർ, ജുഹു എയർപോർട്ട് 18 മില്ലിമീറ്റർ, മുംബൈ എയർപോർട്ട് 71.5 മില്ലിമീറ്റർ, രാം മന്ദിർ 72.5 മില്ലിമീറ്റർ, ടാറ്റ പവർ-ചെമ്പൂർ 58 മില്ലിമീറ്റർ, വിദ്യാ വിഹാർ 0 എംഎം, വിക്രോളി 65.5 മില്ലിമീറ്റർ എന്നിങ്ങനെയാണ് മഴ ലഭിച്ചത്.പാൽഘർ, താനെ, ധൂലെ, നന്ദുർബാർ, ജൽഗാവ്, നാസിക്, അഹമ്മദ്‌നഗർ, കോലാപൂർ, സാംഗ്ലി, സോലാപൂർ, ഔറംഗബാദ്, ജൽന, പർഭാനി, ബീഡ്, ഹിംഗോളി, നന്ദേഡ്, ലാത്തൂർ, ഒസ്മാനാബാദ്, അകോല, അമരാവതി, ഭണ്ഡാര, ബുൽധാന, ചന്ദ്രപൂർ, ഗഡ്ചിരോളി, ഗോണ്ടിയ, നാഗ്പൂർ, വാർധ, വാഷിം, യവത്മാൽ തുടങ്ങിയ ജില്ലകളില്‍ കനത്തതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കുന്നുണ്ട്.

