Headlines

ക്രിസ്മസ് ദിനത്തിലും ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ ഹിന്ദുത്വവാദികളുടെ ആക്രമണം,

ക്രിസ്മസ് ദിനത്തിലും ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ ഹിന്ദുത്വവാദികളുടെ ആക്രമണം. ഛത്തീസ്ഗഡ് റായ്പുരിലെ മാളിലാണ് ഹിന്ദുത്വ പ്രവർത്തകർ ആക്രമണം നടത്തിയത്. മാളിനു മുന്നിൽ സ്ഥാപിച്ചിരുന്ന സാന്റാ ക്ലോസിന്റെ രൂപം അക്രമികൾ അടിച്ചുതകർത്തു. ക്രിസ്മസ് അലങ്കാരങ്ങളും അക്രമിസംഘം നശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 30 പേർക്കെതിരെ പൊലീസ് കേസെടുത്തു. സർവ ഹിന്ദുസമാജ് ബന്ദിനിടെയാണ് ആക്രമണമുണ്ടായത്. അതേസമയം, ഉത്തർപ്രദേശിലും ദേവാലയത്തിന് പുറത്ത് ഹനുമാൻ ചാലിസ ചൊല്ലി പ്രതിഷേധം നടന്നു.

‘സാന്താക്ലോസിനെ കാണാൻ ആഗ്രഹിക്കുന്നില്ല’ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു ആക്രമണം. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് കൂടുതൽ നടപടിയുണ്ടാകുമെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം, മധ്യപ്രദേശിലെ ജബൽപൂരിൽ മതപരിവർത്തനം ആരോപിച്ച് അന്ധയായ യുവതിയെ ബിജെപി നേതാവ് മർദിച്ചിരുന്നു. പാലക്കാട് കുട്ടികളുടെ ക്രിസ്മസ് കാരൾ സംഘത്തിനു നേരെയും ആക്രമണമുണ്ടായി.

അതേസമയം, ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ക്രിസ്ത്യൻ പള്ളിയിലെത്തി കുർബാനയിൽ പങ്കെടുത്തു. ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷനിലാണ് ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി എത്തിയത്. രാവിലെ നടന്ന കുർബാനയടക്കമുള്ള പ്രാർഥനാ ചടങ്ങിൽ മോദി പങ്കെടുത്തു. ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ ആസ്ഥാനമാണ് കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷൻ. പ്രാർത്ഥനകൾ, കരോൾ ഗാനങ്ങൾ, സ്തുതിഗീതങ്ങൾ എന്നിവയ്ക്കൊപ്പം ഡൽഹി ബിഷപ്പ് ഡോ. പോൾ സ്വരൂപ് പ്രധാനമന്ത്രിക്കുവേണ്ടി പ്രത്യേക പ്രാർത്ഥനയും നടത്തി.

ബിജെപി കേരള അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടക്കമുള്ള നേതാക്കളും പള്ളിയിൽ നടന്ന പ്രാർത്ഥനയിൽ മോദിക്കൊപ്പം പങ്കെടുത്തു. “സമാധാനത്തിന്റെയും അനുകമ്പയുടെയും പ്രത്യാശയുടെയും ആഘോഷമായ ക്രിസ്മസ് എല്ലാവർക്കും സന്തോഷം നൽകട്ടെ. യേശുക്രിസ്തുവിന്റെ വചനങ്ങൾ നമ്മുടെ സമൂഹത്തിൽ ഐക്യം വർദ്ധിപ്പിക്കട്ടെ.”- സന്ദർശനത്തിന് പിന്നാലെ മോദി സമൂഹ മാധ്യമത്തിൽ കുറിച്ചു.

അതിനിടെ, മോദിയുടെ സന്ദർശനത്തിനു മുൻപ് ചില വിശ്വാസികൾ പള്ളിയുടെ മുന്നിൽപ്രതിഷേധം പ്രകടിപ്പിച്ചു. വിഐപി സന്ദർശനത്തിന് മുന്നോടിയായി ആരാധനക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതും ബാരിക്കേഡുകൾ സ്ഥാപിച്ചതുമാണ് വിശ്വാസികളെ പ്രകോപിപ്പിച്ചത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി പള്ളിക്ക് മുന്നിൽ ബാരിക്കേഡുകളും മറ്റും സ്ഥാപിച്ച് കർശന സുരക്ഷ ഏർപ്പെടുത്തിയിരുന്നു. രാവിലെ മുതൽ വിശ്വാസികളെ പള്ളിയിലേക്ക് കയറ്റുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് പ്രതിഷേധമുയർന്നത്.

പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായിട്ടാണ് നിയന്ത്രണങ്ങളേർപ്പെടുത്തിയതെന്ന പിന്നീട് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. സുരക്ഷാ ക്രമീകരണങ്ങൾ ആർക്കെങ്കിലും ബുദ്ധിമുട്ടാക്കിയിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നതായും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: