Headlines

തെലങ്കാനയിലെ ദുരഭിമാനക്കൊല; മുഖ്യപ്രതിയായ വാടകക്കൊലയാളിക്ക് വധശിക്ഷ




ഹൈദരാബാദ്: തെലങ്കാനയിൽ ഉയർന്ന ജാതിയിൽപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ച ദളിത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിക്ക് വധശിക്ഷ. 2018ൽ മിരിയാൽഗുഡയിലാണ് സംസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകം. നൽഗൊണ്ട കോടതിയാണ് വാടകക്കൊലയാളി സുഭാഷ് കുമാർ ശർമയ്ക്ക് വധശിക്ഷ നൽകിയത്. കേസിൽ പ്രതികളായ മറ്റ് ആറ് പേർക്ക് ജീവപര്യന്തം തടവു ശിക്ഷയും വിധിച്ചു.

സമ്പന്ന കുടുംബാംഗമായ അമൃത വർഷിണിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ പെരമല്ല പ്രണയ് കുമാറിനെ (23)യാണ് കൊലപ്പെടുത്തിയത്. അമൃത വർഷിണിയുടെ പിതാവ് മാരുതി റാവു ആണ് ഒരു കോടി രൂപ നൽകി വാടകക്കൊലയാളിയെ ഏർപ്പെടുത്തിയത്.



ഗർഭിണിയായ അമൃതവർഷിണിക്കൊപ്പം ആശുപത്രിയിലേക്ക് പോകുന്ന വഴി 2018 സെപ്റ്റംബർ 14നാണ് പ്രണയ് കുമാറിനെ വെട്ടിക്കൊന്നത്. ഇവരുടെ വിവാഹം കഴിഞ്ഞ ആറാം മാസത്തിലാണ് കൊലപാതകം. 2019 ജനുവരിയിൽ അമൃത വർഷിണി ഒരു കുഞ്ഞിനു ജന്മം നൽകി. കേസിൽ അറസ്റ്റിലായ മാരുതി റാവു 2020ൽ പശ്ചാത്തപിച്ചു കത്തെഴുതി വച്ചശേഷം ജയിലിൽ ആത്മഹത്യ ചെയ്തു.

മുഹമ്മദ് അസ്ഗർ അലി, മുഹമ്മദ് അബ്ദുൽ ബാരി, അബ്ദുൽ കരിം, മാരുതി റാവുവിന്റെ സഹോദരൻ ശ്രാവൺ കുമാർ, ഡ്രൈവർ എസ് ശിവ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. 2003ൽ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന ഹരൺ പാണ്ഡ്യയെ വധിച്ച കേസിൽ വിട്ടയ്ക്കപ്പെട്ട പ്രതികളാണ് മുഹമ്മദ് അസ്ഗർ അലി, മുഹമ്മദ് അബ്ദുൽ ബാരി എന്നിവർ

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: