ലഖ്നൗ: ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ, രഹസ്യമായി മൊബൈൽ ഫോൺ ഉപയോഗിച്ചതിന് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം വീടിന് പിന്നിലുള്ള കുഴിയിൽ കുഴിച്ചിട്ട് ഭർത്താവ്. സംഭവത്തിൽ ഭർത്താവായ അർജുൻ അറസ്റ്റിലായി. ഭാര്യയെ കഴുത്തുഞെരിച്ചാണ് യുവാവ് കൊലപ്പെടുത്തിയത്. ശേഷം ഭാര്യ ആത്മഹത്യ ചെയ്തതായി പോലീസിനോട് പറഞ്ഞുകൊണ്ട് യുവാവ് പോലീസിനെ തെറ്റിദ്ധരിപ്പിച്ചു. എന്നാൽ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയും ചെയ്തതോടെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ ഖുഷ്ബുവാണ് കൊലപ്പെട്ടത്.
ഡിസംബർ 21നായിരുന്നു കൊലപാതകം. ലുധിയാനയിൽ ജോലി ചെയ്യുന്ന അർജുൻ സംഭവദിവസം രാത്രി വീട്ടിലെത്തിയപ്പോൾ ഭാര്യ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കാണുകയായിരുന്നു. ഭർത്താവ് കാണാതെ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു ഈ ഫോണെന്നാണ് ആരോപണം. രഹസ്യമായി ഫോൺ ഉപയോഗിച്ചതിനെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമായി. തുടർന്ന് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം, മടക്കാവുന്ന കട്ടിലിനൊപ്പം മൃതദേഹം ആറ് അടി താഴ്ചയിൽ കുഴിയെടുത്ത് മൂടുകയായിരുന്നു.
താനറിയാതെ ഭാര്യ വീടുവിട്ട് ഇറങ്ങിപ്പോയെന്നായിരുന്നു കുടുംബാംഗങ്ങളോട് ഇയാൾ പറഞ്ഞത്. ഖുഷ്ബുവിനായി കുടുംബം ദിവസങ്ങളോളം തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ, യുവതിയുടെ പിതാവ് പൊലീസ് പരാതി നൽകി. അർജുൻ മകളെ കൊലപ്പെടുത്തിയിരിക്കാമെന്ന സംശയം ഇദ്ദേഹത്തിനുണ്ടായിരുന്നു.
പരാതിക്ക് പിന്നാലെ, പൊലീസ് വീട്ടിലെത്തുകയും അർജുനെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ പൊലീസിനെയും ഇയാൾ തെറ്റിദ്ധരിപ്പിച്ചു. ഭാര്യ ആത്മഹത്യ ചെയ്തതായും മൃതദേഹം താൻ നദിയിൽ എറിഞ്ഞെന്നുമായിരുന്നു ഇയാളുടെ വാദം. തുടർന്ന് പൊലീസ് ഇയാളെയും കൊണ്ട് നദിയിലും കരയിലും തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല.
രണ്ട് മണിക്കൂറുകൾക്ക് ശേഷം പൊലീസ് വീണ്ടും ഇയാളെ ചോദ്യം ചെയ്തു. ഇതോടെയാണ് താൻ നടത്തിയ ക്രൂര കൊലപാതകവിവരം അർജുൻ വെളിപ്പെടുത്തിയത്. ഇതനുസരിച്ച് മൃതദേഹം കുഴിയിൽനിന്ന് കണ്ടെടുക്കുകയും ചെയ്തു. അവിഹിത ബന്ധം സംശയിച്ചാണ് അർജുൻ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
യുവതിയുടെ ഇളയ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അർജുനെ അറസ്റ്റ് ചെയ്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. ഇരുവരും വിവാഹിതരായിട്ട് രണ്ട് വർഷമായി, കുട്ടികളില്ലായിരുന്നു


