വെഞ്ഞാറമൂട് : ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റിലായി. കൊല്ലം ഓയൂര്‍ ചെറിയവെളിനല്ലൂര്‍ റോഡുവിള കൊക്കോട്ടുകോണം രതിക സദനത്തില്‍ രതീഷാണ് (40) അറസ്റ്റിലായത്.
നെല്ലനാട് തണ്ട്രാംപൊയ്ക പൊയ്കയില്‍ വീട്ടില്‍ സുബിക്കാണ് വെട്ടേറ്റത്. ഞായറാഴ്ച വൈകീട്ട് ആറിന് തണ്ട്രാംപൊയ്ക മാടന്‍കാവിന് സമീപത്തായിരുന്നു സംഭവം. തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു യുവതി. ജോലികഴിഞ്ഞ് മടങ്ങി വരുന്നതും കാത്ത് നിന്ന പ്രതി യുവതി എത്തിയതോടെ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. യുവതി നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി പ്രതിയെ തടഞ്ഞുവെച്ചു വെഞ്ഞാറമൂട് പൊലീസിനു കൈമാറി.
ആക്രമണത്തില്‍ കൈക്കും തലക്കും സാരമായി പരിക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവർക്ക് മൂന്ന് മക്കളാണുള്ളത്. കുടുംബവഴക്കിനെ തുടര്‍ന്ന് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് രതീഷിനെ രണ്ട് മക്കള്‍ക്കൊപ്പം സിബി ഇറക്കി വിട്ടിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

