ആലപ്പുഴ: ആലപ്പുഴയിൽ മീൻ വില്പനനക്കാരന് യുവാവിന്റെ മർദ്ദനമേറ്റു. വീടിന്റെ മുന്നിലൂടെ മീനേ… എന്ന് വിളിച്ചു കൂവി മത്സ്യ കച്ചവടം നടത്തുന്നത് ഇഷ്ടമാകാത്തതിനെ തുടർന്നായിരുന്നു മർദ്ദനം. ഇയാളുടെ കൂവി വിളി ഇഷ്ടമാകാഞ്ഞതിലും അരോചകമായി തോന്നിയതിലുമാണ് യുവാവ് പ്രകോപിതനായത്. സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നഗരസഭ സക്കറിയാ വാർഡിൽ ദേവസ്വംപറമ്പിൽ സിറാജ് (27) ആണ് അറസ്റ്റിലായത്. ഇരുചക്രവാഹനത്തിൽ മത്സ്യക്കച്ചവടം നടത്തുന്ന വെളിയിൽ വീട്ടിൽ ബഷീറിനാണ് (50) ആക്രമണത്തിൽ പരിക്കേറ്റത്. യുവാവ് ബഷീറിനെ പട്ടികകൊണ്ടാണ് മർദിച്ചത്. ഇന്നലെ രാവിലെ 10.30-നായിരുന്നു സംഭവം.
സിറാജിന്റെ വീടിന്റെ മുന്നിലുള്ള റോഡിൽക്കൂടി മത്സ്യകച്ചവടക്കാരൻ എല്ലാ ദിവസവും മീനേ.. മീനേ.. എന്ന് ഉച്ചത്തിൽ വിളിച്ചുകൂവിക്കൊണ്ടാണ് പോകുന്നത്. കച്ചവടം നടക്കണേൽ ഇങ്ങനെ ചെയ്യണമെന്ന് എല്ലാവർക്കും അറിയാം. എന്നാൽ സിറാജിന് ഉച്ചത്തിലുള്ള മത്സ്യ കച്ചവടക്കാരന്റെ വിളിച്ചു കൂവൽ ഇഷ്ടമായില്ല. ഉച്ചത്തിൽ കൂവി വിളിക്കുന്നതിനാൽ ചെയ്തുകൊണ്ടിരിക്കുന്ന ജോലികളിൽനിന്നു ശ്രദ്ധ മാറിപോകുന്നുവെന്നാണ് സിറാജ് പോലീസിന് നൽകിയ മൊഴി. അതേസമയം സിറാജിന് ജോലിയൊന്നും ഇല്ലെന്ന് പോലീസ് പറയുന്നു. സിറാജിന്റെ ആക്രമണത്തിൽ മുതുകിലും കൈക്കും പരിക്കേറ്റ ബഷീർ ജനറൽ ആശുപത്രിയിൽ ചികിത്സ തുടരുകയാണ്.
