‘കുഞ്ഞിന്‍റെ അമ്മയാവണം’, ഗർഭിണിയാക്കൽ ജോലിക്ക് ശമ്പളം 25 ലക്ഷം; പരസ്യം കണ്ട് വിശ്വസിച്ച യുവാവിന് പോയത് 11 ലക്ഷം

പൂനെ: യുവതിയെ ഗർഭം ധരിപ്പിച്ചാൽ പണം ലഭിക്കുമെന്ന പരസ്യത്തിൽ വീണുപോയ 44കാരന് 11 ലക്ഷം രൂപ നഷ്ടമായി. പൂനെയിലെ കോൺട്രാക്ടറായ യുവാവ് ആണ് തട്ടിപ്പിനിരായായത്. ഇക്കഴിഞ്ഞ സെപ്തംബറിൽ ആണ് സംഭവം. സമൂഹമാധ്യമത്തിൽ കണ്ട ഒരു വീഡിയോ പരസ്യമാണ് തട്ടിപ്പിന് ആധാരം. ‘തനിക്ക് ഗർഭം ധരിക്കാനായി ഒരു പുരുഷനെ വേണം. മാതൃത്വം ആസ്വദിക്കാൻ താൻ ആഗ്രഹിക്കുന്നു. അയാൾക്ക് 25 ലക്ഷം രൂപ നൽകും. പുരുഷന്റെ വിദ്യാഭ്യാസമോ ജാതിയൊ മതമോ രൂപമോ പ്രശ്‌നമല്ല’ എന്നായിരുന്നു പരസ്യം. പരസ്യത്തിനൊപ്പം ബന്ധപ്പെടുന്നതിനായി മൊബൈൽ നമ്പറും നൽകിയിരുന്നു. പരസ്യം ശ്രദ്ധയിൽപ്പെട്ടതോടെ യുവാവ് അതിലേക്ക് വിളിക്കുകയായിരുന്നു. പരസ്യം നൽകിയ യുവതിയുടെ സഹായി എന്നു പരിചയപ്പെടുത്തിയ ഒരാളാണ് ഫോൺ എടുത്തത്. യുവതിയോടൊപ്പം താമസിക്കാൻ കമ്പനിയിൽ രജിസ്റ്റർ ചെയ്ത‌് തിരിച്ചറിയൽ കാർഡ് വാങ്ങണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. അതിനു വേണ്ടി പല ദിവസങ്ങളിലായി രജിസ്ട്രേഷൻ ചാർജ്, ഐഡന്റിറ്റി കാർഡ് ചാർജ്, വെരിഫിക്കേഷൻ, ജിഎസ്ട‌ി, ടിഡിഎസ് എന്നിങ്ങനെ പല ആവശ്യങ്ങൾ പറഞ്ഞ് യുവാവിൽ നിന്നും തട്ടിപ്പുകാർ പണം അയപ്പിച്ചു. സെപ്ത‌ംബർ ആദ്യവാരം മുതൽ ഒക്ടോബർ 23 വരെ 100ലേറെ ചെറിയ ഇടപാടുകളിലൂടെ 11 ലക്ഷം രൂപയാണ് യുവാവിൽനിന്നും സംഘം തട്ടിയത്. ഇടപാടിൽ സംശയം തോന്നിയതോടെ യുവാവ് ചോദ്യം ചെയ്യാൻ തുടങ്ങി. ഇതോടെ തട്ടിപ്പുകാർ നമ്പർ ബ്ലോക്ക് ചെയ്തു. താൻ കബളിപ്പിക്കപ്പെട്ടു എന്ന് മനസ്സിലായ ഇയാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ബാനർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. യുപിഐ ഇടപാടുകളും ഫോൺ നമ്പറും കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: