ഉറക്കം എന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും ഒരുപോലെ പ്രധാനമാണ്. പല കാരണങ്ങള്‍ കൊണ്ടും രാത്രി ഉറക്കം കിട്ടാതെ വരാം. സ്ട്രെസും ഉത്കണ്ഠയും വിഷാദവുമൊക്കെ ഉറക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചില ഭക്ഷണങ്ങള്‍ ഉറക്കം ലഭിക്കാന്‍ സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
അത്തരത്തില്‍ രാത്രി നല്ല ഉറക്കം ലഭിക്കാന്‍ കഴിക്കേണ്ട ഒരു സീഡാണ് മത്തങ്ങാ വിത്ത്. ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍റെ ഉത്പാദനത്തിന് മഗ്നീഷ്യം ധാരാളം അടങ്ങിയ മത്തങ്ങ വിത്തുകൾ സഹായിക്കും. അതിനാല്‍ മത്തങ്ങ വിത്തുകൾ രാത്രി കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ ഗുണം ചെയ്യും. കൂടാതെ മത്തങ്ങാ വിത്തില്‍ സിങ്കും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്. ഇവയൊക്കെ നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.
പൊട്ടാസ്യം, വിറ്റാമിൻ സി, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് മത്തങ്ങ വിത്തുകൾ. ഇവയെല്ലാം ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. കൂടാതെ രക്തസമ്മർദ്ദം കുറയ്ക്കാനും, കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും മത്തങ്ങ വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. വിറ്റാമിൻ സിയും സിങ്കും അടങ്ങിയ മത്തങ്ങ വിത്തുകള്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
മഗ്നീഷ്യം അടങ്ങിയ മത്തങ്ങ വിത്തുകള്‍ പതിവായി കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ മത്തങ്ങ വിത്തുകള്‍ ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ഫൈബറും അടങ്ങിയ മത്തങ്ങ വിത്തുകള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. മത്തങ്ങ വിത്തുകളുടെ കലോറി വളരെ കുറവാണ്. കൂടാതെ ഫൈബറും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിശപ്പ് കുറയ്ക്കാനും അമിത വണ്ണം കുറയ്ക്കാനും ഇവ സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മത്തങ്ങാ വിത്തുകള്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
