സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ




ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോൾ ബിജെപിക്ക് പ്രതിസന്ധിയായി ഹരിയാന. സംസ്ഥാനത്തെ മൂന്ന് സ്വതന്ത്ര എംഎൽഎമാർ ബിജെപി സർക്കാരിനോടുള്ള പിന്തുണ പിൻവലിച്ചതോടെ 90 അംഗ നിയമസഭയിൽ സർക്കാരിന് കേവല ഭൂരിപക്ഷം നഷ്ടമായി. 90 അംഗ നിയമസഭയില്‍ ഭരണപക്ഷത്തിന്റെ അംഗസംഖ്യ നിലവിൽ 42 ആണ്.



ബിജെപി സര്‍ക്കാരിന്‍റെ പിന്തുണ പിന്‍വലിച്ച സ്വതന്ത്രര്‍ കോണ്‍ഗ്രസിനു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവ് ഭൂപേന്ദ്ര സിങ് ഹൂഡയുടെയും കോണ്‍ഗ്രസ് അധ്യക്ഷൻ ഉദയ് ഭാന്റെയും നേതൃത്വത്തിലാണ് എംഎല്‍എമാർ കോണ്‍ഗ്രസിനു പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ എണ്ണം 34 ആയി. ലോക്സഭാ തെര‍ഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്‍പ് തരംഗം വ്യക്തമായെന്ന് കോണ്‍ഗ്രസ് എക്സില്‍ കുറിച്ചു.




സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതോടെ ഭൂരിപക്ഷം കുറഞ്ഞുവെന്നും ബിജെപി സർക്കാരിന് അധികാരത്തില്‍ തുടരാൻ അർഹതയില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പിന്തുണ പിന്‍വലിച്ച സ്വതന്ത്ര എംഎല്‍എമാരെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. സര്‍ക്കാരിനെ ഹരിയാനയിലെ ജനം പാഠം പഠിപ്പിക്കുമെന്നും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഉദയ് ഭാൻ ആവശ്യപ്പെട്ടു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: