മുംബൈയിൽ നടന്ന ആവേശകരമായ സെമിഫൈനലിൽ ഇംഗ്ലണ്ടിനെ 7 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. ഇന്ത്യ മുന്നോട്ടുവെച്ച 254 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട്, ജേക്കബ് ബെത്തലിന്റെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ വിജയത്തിനടുത്തെത്തിയെങ്കിലും 246 റൺസിൽ അവസാനിച്ചു. റൺമല പിന്തുടരുമ്പോഴും ഇംഗ്ലണ്ട് കാണിച്ച പോസിറ്റീവ് അപ്രോച്ച് ശ്രദ്ധേയമാണ്. ഞായറാഴ്ച നടക്കുന്ന കലാശപ്പോരിൽ ഇന്ത്യ ഇനി ന്യൂസീലൻഡിനെ നേരിടും.
ഒരു ഘട്ടത്തിൽ 7.3 ഓവറിൽ നാലിന് 95 റൺസെന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിനെ പിന്നീട് ബെത്തൽ ഒറ്റയ്ക്ക് ചുമലിലേറ്റുന്നതാണ് കണ്ടത്. 48 പന്തിൽ നിന്ന് ഏഴു സിക്സും എട്ട് ഫോറുമടക്കം 105 റൺസെടുത്ത ബെത്തൽ അവസാന ഓവറിലാണ് പുറത്തായത്. ജസ്പ്രീത് ബുംറയുടെ അവസാനത്തെ രണ്ട് ഓവറുകളാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്.
കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ടിന് രണ്ടാം ഓവറിൽ തന്നെ ഓപ്പണർ ഫിൽ സാൾട്ടിനെ (5) നഷ്ടമായിരുന്നു. ഇതിനിടെ ജോസ് ബട്ട്ലർക്ക് മികച്ച തുടക്കം ലഭിക്കുകയും ചെയ്തു. എന്നാൽ പിന്നാലെ ക്യാപ്റ്റൻ ഹാരി ബ്രൂക്കിനെ (7) വീഴ്ത്തി ജസ്പ്രീത് ബുംറ ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. ബുംറയുടെ പന്തിൽ അക്ഷർ പട്ടേൽ മീറ്ററുകളോളം പിന്നിലേക്ക് ഓടിയെടുത്ത മികച്ചൊരു ക്യാച്ചിലാണ് ബ്രൂക്ക് പുറത്തായത്. വൈകാതെ 17 പന്തിൽ നിന്ന് 25 റൺസെടുത്ത ജോസ് ബട്ട്ലറെ വരുൺ ചക്രവർത്തിയും പുറത്താക്കി. ഇതോടെ പവർപ്ലേ പിന്നിടുമ്പോൾ ഇംഗ്ലണ്ട് മൂന്നിന് 68 റൺസെന്ന നിലയിൽ.
എന്നാൽ നാലാമനായി ബെത്തൽ എത്തിയതോടെ കളിമാറി. വരുൺ ചക്രവർത്തിയേയും അക്ഷർ പട്ടേലിനെയും കടന്നാക്രമിച്ച ബെത്തൽ വെറും 19 പന്തിൽ നിന്ന് 50 തികച്ചു. ഇതിനിടെ അഞ്ചു പന്തിൽ നിന്ന് 17 റൺസെടുത്ത ടോം ബാന്റണെ അക്ഷർ പട്ടേൽ പുറത്താക്കി.
എന്നാൽ അഞ്ചാം വിക്കറ്റിൽ ബെത്തലും വിൽ ജാക്ക്സും ഒന്നിച്ചതോടെ ഇന്ത്യ വിറച്ചു. 39 പന്തിൽ നിന്ന് 77 റൺസെടുത്ത ഈ സഖ്യം അപകടം വിതയ്ക്കവെ അക്ഷറിന്റെ ഫീൽഡിങ് മികവ് ഇന്ത്യയുടെ രക്ഷയ്ക്കെത്തി. 14-ാം ഓവറിൽ അർഷ്ദീപിന്റെ പന്തിൽ അക്ഷറും ശിവം ദുബെയും ചേർന്നെടുത്ത ക്യാച്ചിൽ ജാക്ക്സ് പുറത്ത്. 20 പന്തിൽ രണ്ട് സിക്സും നാല് ഫോറുമടക്കം 35 റൺസായിരുന്നു ജാക്ക്സിന്റെ സമ്പാദ്യം.
പിന്നാലെ ആറാം വിക്കറ്റിൽ സാം കറനെ കൂട്ടുപിടിച്ച് ബെത്തൽ ഇന്നിങ്സ് മുന്നോട്ടുനയിച്ചു. ഇരുവരും ചേർന്ന് 27 പന്തിൽ 50 റൺസ് ചേർത്തു. എന്നാൽ 19-ാം ഓവറിൽ കറനും 20-ാം ഓവറിൽ ബെത്തലും പുറത്തായതോടെ ഇംഗ്ലണ്ടിന്റെ പോരാട്ടത്തിന് അവസാനമായി.
നേരത്തേ ഒരിക്കൽ കൂടി സഞ്ജു സാംസൺ ഇന്ത്യൻ ഇന്നിങ്സിന്റെ നെടുംതൂണായപ്പോൾ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് മികച്ച സ്കോർ. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 253 റൺസെടുത്തു. സഞ്ജു സാംസൺ, ശിവം ദുബെ, ഇഷാൻ കിഷൻ എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചത്.
തുടർച്ചയായ രണ്ടാം മത്സരത്തിലും അർധ സെഞ്ചുറി പിന്നിട്ട സഞ്ജുവിന്റെ തകർപ്പൻ പ്രകടനമായിരുന്നു ഇന്ത്യൻ ഇന്നിങ്സിന്റെ പ്രത്യേകത. 42 പന്തുകൾ നേരിട്ട സഞ്ജു ഏഴ് സിക്സും എട്ട് ഫോറുമടക്കം 89 റൺസെടുത്താണ് മടങ്ങിയത്. സഞ്ജു പുറത്താകുമ്പോഴേക്കും ഇന്ത്യൻ സ്കോർ 160-ൽ എത്തിയിരുന്നു.
തകർത്തടിച്ച ശിവം ദുബെയും മികച്ച സംഭാവന നൽകി. 25 പന്തിൽ നിന്ന് നാല് സിക്സും ഒരു ഫോറുമടക്കം 43 റൺസെടുത്ത ദുബെ നിർഭാഗ്യകരായി റണ്ണൗട്ടാകുകയായിരുന്നു.
ആദ്യ ഓവറിൽ തന്നെ ജോഫ്ര ആർച്ചറെ ഫോറും സിക്സുമടിച്ചാണ് സഞ്ജു തുടങ്ങിയത്. എന്നാൽ രണ്ടാം ഓവറിൽ അഭിഷേക് ശർമയുടെ (9) വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ സഞ്ജുവും ഇഷാൻ കിഷനും ഒന്നിച്ചതോടെ ബൗണ്ടറികളുടെ പെരുമഴ തുടങ്ങി. പവർപ്ലേയിൽ ഇന്ത്യ 67 റൺസുമടിച്ചു. അടിതുടർന്ന ഇരുവരും 45 പന്തിൽ നിന്ന് 97 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് പിരിഞ്ഞത്. 18 പന്തിൽ നിന്ന് രണ്ട് സിക്സും നാല് ഫോറുമടക്കം 39 റൺസെടുത്ത ഇഷാനെ പുറത്താക്കി ആദിൽ റഷീദാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
എന്നാൽ പിന്നീടെത്തിയ ശിവം ദുബെയെ കൂട്ടുപിടിച്ച് സഞ്ജു അടി തുടർന്നു. എന്നാൽ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന സഞ്ജുവിനെ 14-ാം ഓവറിൽ വിൽ ജാക്ക്സ് വീഴ്ത്തി. ഒരു സിക്സറിനുള്ള ശ്രമം ഫിൽ സാൾട്ടിന്റെ കൈകളിൽ അവസാനിക്കുകയായിരുന്നു. ഇരുവരും ചേർന്ന് 22 പന്തിൽ നിന്ന് 43 റൺസ് സ്കോർ ബോർഡിൽ ചേർത്തു.
പിന്നീടെത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് 11 റൺസെടുക്കാനേ സാധിച്ചുള്ളൂ. 18-ാം ഓവറിൽ ഹാർദിക് പാണ്ഡ്യയുമായുള്ള ധാരണപ്പിശകിൽ ദുബെ റണ്ണൗട്ടാകുകയും ചെയ്തു.
പിന്നാലെ ഏഴു പന്തിൽ 21 റൺസടിച്ച തിലക് വർമയും 12 പന്തിൽ 27 റൺസെടുത്ത ഹാർദിക് പാണ്ഡ്യയും ചേർന്ന് സ്കോർ 250 കടത്തി. ഇംഗ്ലണ്ടിനായി വിൽ ജാക്ക്സും ആദിൽ റഷീദും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തേ നിർണായകമായ ടോസ് വിജയിച്ച ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. വെസ്റ്റിൻഡീസിനെതിരായ കഴിഞ്ഞ മത്സരം ജയിച്ച അതേ ടീമിനെ ഇന്ത്യ നിലനിർത്തി. ഇംഗ്ലണ്ട് റെഹാൻ അഹമ്മദിനു പകരം ജെയ്മി ഓവർടണെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തി


