ഹരാരെയിൽ ഇന്ത്യക്ക് കൂറ്റൻ ജയം

ഹരാരെ: സിംബാബ്‌വെക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് 100 റണ്‍സ് ജയം. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സാണ് നേടിയത്. കന്നി സെഞ്ചുറി നേടിയ അഭിഷേക് ശര്‍മയുടെ (47 പന്തില്‍ 100) കരുത്തില്‍ 234 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്. അഭിഷേകിന് പുറമെ റുതുരാജ് ഗെയ്കവാദ് (47 പന്തില്‍ 77), റിങ്കു സിംഗ് (22 പന്തില്‍ 48) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ സിംബാബ്‌വെ 18.4 ഓവറില്‍ 134 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യക്ക് വേണ്ടി ആവേശ് ഖാന്‍, മുകേഷ് കുമാര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി.43 റണ്‍സെടുത്ത വെസ്ലി മധെവേരെ മാത്രമാണ് സിംബാബ്‌വെ നിരയില്‍ തിളങ്ങിയത്. ബ്രയാന്‍ ബെന്നറ്റ് (26), ലൂക് ജോങ്‌വെ (33), ജോണ്‍താന്‍ കാംപെല്‍ (10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ആദ്യ നാല് ഓവറില്‍ തന്നെ നാലിന് 46 എന്ന നിലയിലായിരുന്നു സിംബാബ്‌വെ. ഇന്നൊസെന്റ് കയ്യൈ (4), ഡിയോണ്‍ മ്യേസ് (0), സിക്കന്ദര്‍ റാസ (0) എന്നിവര്‍ക്കൊന്നും തിളങ്ങാന്‍ സാധിച്ചില്ല. ജയത്തോടെ ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 1-1ന് ഒപ്പമെത്തി.മോശമായിരുന്നു ഇന്ത്യയുടെ തുടക്കം. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (2) രണ്ടാം ഓവറില്‍ തന്നെ മടങ്ങി. മുസറബാനിക്കായിരുന്നു വിക്കറ്റ്. പിന്നീട് മൂന്നാം വിക്കറ്റില്‍ അഭിഷേക് – റുതുരാജ് സഖ്യം 137 റണ്‍സ് കൂട്ടിചേര്‍ത്തു. തുടക്കത്തില്‍ അഭിഷേക് താളം കണ്ടെത്താന്‍ വിഷമിച്ചെങ്കിലും പിന്നീട് ട്രാക്കിലായി. ഇടങ്കയ്യന്‍ ബാറ്ററുടെ ഒരു ക്യാച്ചും സിംബാബ്വെ ഫീല്‍ഡര്‍മാര്‍ വിട്ടുകളഞ്ഞിരുന്നു. തുടര്‍ച്ചയായി മൂന്ന് സിക്സുകള്‍ നേടിയാണ് അഭിഷേക് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 47 പന്തുകള്‍ മാത്രം നേരിട്ട താരം എട്ട് സിക്സും ഏഴ് ഫോറും നേടി. 14-ാം ഓവറിലെ അവസാന പന്തിലാണ് 23കാരന്‍ മടങ്ങുന്നത്. തുടര്‍ന്നെത്തിയ റിങ്കു, റുതുരാജിനൊപ്പം ചേര്‍ന്ന് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്നുള്ള സഖ്യം 87 റണ്‍സ് കൂട്ടിചേര്‍ത്തു. 47 പന്തുകള്‍ നേരിട്ട റുതുരാജ് 11 ഫോറും ഒരു സിക്സും നേടി. റിങ്കുവിന്റെ ഇന്നിംഗ്സില്‍ അഞ്ച് സിക്‌സും രണ്ട് ഫോറുമുണ്ടായിരുന്നു. നേരത്തെ, ഇന്ത്യ ഒരു മാറ്റവുമായിട്ടാണ് ഇറങ്ങിയത്. ഖലീല്‍ അഹമ്മദിന് പകരം സായ് സുദര്‍ശന്‍ ടീമിലെത്തി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: