ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം. അഫ്ഗാനിസ്ഥാനെതിരായ ഫൈനൽ മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെയാണ് ഇന്ത്യയ്ക്ക് സ്വർണം ലഭിച്ചത്. മത്സരം ഉപേക്ഷിച്ചപ്പോൾ ഉയർന്ന സീഡിങ് ഇന്ത്യയ്ക്ക് സ്വർണം ലഭിക്കാൻ കാരണമായി. അഫ്ഗാനിസ്ഥാൻ വെള്ളി കൊണ്ട് തൃപ്തിപ്പെട്ടു. ക്രിക്കറ്റിലെ സ്വർണം കൂടിയായപ്പോൾ ഇന്ത്യയുടെ മെഡൽ നേട്ടം 101 ആയി.
ക്രിക്കറ്റ് ഫൈനലിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. അഫ്ഗാനിസ്ഥാൻ 18.2 ഓവറിൽ അഞ്ചിന് 112 എന്ന നിലയിൽ എത്തിയപ്പോഴാണ് മഴ പെയ്തത്. പിന്നീട് മഴ മാറിയെങ്കിലും മത്സരം പുനരാരംഭിക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് ഫൈനൽ ഉപേക്ഷിച്ചതായി മാച്ച് റഫറി അറിയിച്ചത്. അഫ്ഗാനിസ്ഥാന് വേണ്ടി സഹിദുള്ള 49 റൺസ് നേടി. ഇന്ത്യയ്ക്കുവേണ്ടി അർഷദീപ് സിങ്, ശിവം ദുബൈ, ഷഹ്ബാസ് അഹമ്മദ്, രവി ബിഷ്നോയ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്ത്തി.

