ന്യൂഡൽഹി: ഇന്ത്യൻ വിദ്യാർത്ഥിയെ ന്യൂജേഴ്സിയിലെ ന്യൂവാർക്ക് വിമാനത്താവളത്തിൽ വെച്ച് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് പൊലീസുകാർ. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ വൻ വിവാദങ്ങൾക്ക് വഴി തെളിച്ചു. ഇന്ത്യൻ-അമേരിക്കൻ സംരംഭകനായ കുനാൽ ജെയിനാണു വീഡിയോ പങ്കുവെച്ചത്. വിദ്യാർത്ഥിയെ നാടുകടത്തുകയായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. ആൾക്കൂട്ടത്തിൽ വെച്ച് പൊലീസുകാർ യുവാവിനെ നിലത്തേക്ക് വലിച്ചിട്ട് കമഴ്ത്തി കിടത്തിയ ശേഷം വിലങ്ങ് വെയ്ക്കുകയായിരുന്നു. വിഷയം അന്വേഷിക്കാനും വിദ്യാർത്ഥിക്ക് സഹായം നൽകാനും സംരംഭകൻ യുഎസിലെ ഇന്ത്യൻ എംബസിയോട് ആവശ്യപ്പെട്ടു. വിദ്യാർത്ഥിക്ക് സഹായം തേടി ഇന്ത്യൻ എംബസിയെയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെയും അദ്ദേഹം ടാഗ് ചെയ്തു.
നാല് പൊലീസുകാർ ചേർന്നാണ് യുവാവിനെ ബലം പ്രയോഗിച്ച് നിലത്തേക്ക് ചേർത്ത് അമർത്തുന്നത്. രണ്ട് പൊലീസുകാർ കാൽമുട്ട് യുവാവിന്റെ ശരീരത്തിൽ വെച്ച് അമർത്തിപ്പിടിച്ചിരിക്കുന്നതും കാണാം. തുടർന്ന് യുവാവിന്റെ കൈകളും കാലുകളും ബന്ധിച്ചു. നാടുകടത്തപ്പെടുന്ന വിദ്യാർത്ഥിയെ ക്രിമിനലിനെ പോലെയാണ് ഉദ്യോഗസ്ഥർ കൈകാര്യം ചെയ്തതെന്ന് വീഡിയോ ചിത്രീകരിച്ച കുനാൽ ജെയിൻ പ്രതികരിച്ചു. ഒരു പ്രവാസി എന്ന നിലയിൽ താൻ ഏറെ വേദനിച്ചെങ്കിലും നിസഹായനായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം വിഷയത്തിൽ അമേരിക്കയിലെ ഇന്ത്യൻ എംബസി ഇടപെട്ട് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.
‘ഏകദേശം അമ്പതോളം പേർ അടുത്തുണ്ടായിരുന്നു. യുവാവിന് എന്തോ മാനസിക പ്രശ്നമുള്ളത് പോലെ തോന്നി. തങ്ങൾക്ക് ഹിന്ദി അറിയില്ലെന്ന് അധികൃതർ പറയുന്നുണ്ടായിരുന്നു. എന്നാൽ യുവാവ് ഹരിയാൻവി ഭാഷയിലാണ് സംസാരിച്ചത്. എനിക്ക് സഹായിക്കാൻ കഴിയുമെന്ന് തോന്നി അടുത്തേക്ക് ചെന്നു. ഇയാൾ പറയുന്നതെന്താണെന്ന് മനസിലാക്കാൻ ഞാൻ സഹായിക്കാമെന്ന് പറഞ്ഞു. എന്നാൽ അത് അംഗീകരിച്ചില്ല. പകരം കൂടുതൽ പൊലീസുകാരെ വിളിച്ചുവരുത്തുകയാണ് ചെയ്തത്. യുവാവിനെ വിമാനത്തിൽ കയറ്റാൻ കഴിയില്ലെന്ന് പൈലറ്റ് പറഞ്ഞു. ഇതോടെ നിലത്തേക്ക് തള്ളിയിട്ട് കൈയും കാലും കെട്ടുകയായിരുന്നു’- കുനാൽ വിശദീകരിച്ചു.
വിഷയത്തിൽ പ്രതികരണവുമായി ഇന്ത്യൻ എംബസി രംഗത്തെത്തി. നെവാർക്ക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു ഇന്ത്യക്കാരന് ബുദ്ധിമുട്ടായെന്ന തരത്തിലുള്ള സമൂഹ മാധ്യമ പോസ്റ്റുകൾ കണ്ടെന്നും ഇക്കാര്യത്തിൽ പ്രദേശിക അധികൃതരുമായി ബന്ധപ്പെടുകയാണെന്നുമാണ് കോൺസുലേറ്റിന്റെ വിശദീകരണം. ഇന്ത്യക്കാരുടെ ക്ഷേമത്തിൽ പ്രതിജ്ഞാബദ്ധരാണ് തങ്ങളെന്നും കോൺസുലേറ്റ് വിശദീകരിച്ചു.


