ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. അമ്പപ്പുഴ സ്വദേശി ഷിബിനയാണ് മരിച്ചത്. യുവതിയുടെ മരണം ചികിത്സാ പിഴവ് മൂലമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
യുവതിയുടെ പ്രസവം ഒരു മാസം മുന്നെയായിരുന്നു. പിന്നാലെ അണുബാധയുണ്ടാകുകയായിരുന്നു. ആന്തരികാവയവങ്ങളെ ഉള്‍പ്പെടെ അണുബാധ ബാധിച്ചു. ഐസിയുവിലായിരുന്ന ഷിബിന ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.
അതേസമയം യുവതി മരിച്ചത് ഹൃദയാഘാതം മൂലമാണെന്നാണ് സൂപ്രണ്ടിന്റെ വിശദീകരണം. രണ്ട് തവണ യുവതിക്ക് ഹൃദയാഘാതം ഉണ്ടായതായും ഇതാണ് മരണ കാരണമെന്നും ചികിത്സാപ്പിഴവില്ലെന്നും അധികൃതര്‍ പറഞ്ഞു.
യുവതിയുടെ മരണത്തെ തുടര്‍ന്ന് ചികിത്സാ പിഴവ് ആരോപിച്ച് ആശുപത്രിക്ക് മുന്നില്‍ ബന്ധുക്കള്‍ പ്രതിഷേധിക്കുകയാണ്. ഷിബിന പ്രസവിച്ചത് 35 ദിവസങ്ങള്‍ക്ക് മുമ്പാണ്, പ്രസവ ശേഷം അണുബാധയുണ്ടായതായും എന്നാല്‍ വേണ്ട രീതിയില്‍ ചികിത്സ ലഭ്യമായില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.

