എറണാകുളം മഹാരാജാസ് കോളജിൽ അധ്യാപകനെ അപമാനിച്ച സംഭവം അങ്ങേയറ്റം സങ്കടകരവും പ്രതിഷേധാര്‍ഹവുമാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതിനെത്തുടർന്നാണ് ഫേസ്ബുക്കിലൂടെ പ്രതികരണവുമായി ആര്‍ഷോ രംഗത്തെത്തിയത്. നിരവധി പ്രതിസന്ധികള്‍ അതിജീവിച്ചായിരിക്കും അധ്യാപകൻ മഹാരാജാസിലെ അധ്യാപകനായി തീര്‍ന്നതെന്നും ഇന്‍ക്ലൂസീവ് എജ്യുക്കേഷനെ കുറിച്ച് ചര്‍ച്ച നടക്കുന്ന ഈ കാലത്ത് ‘രാഷ്ട്രീയം’ ഐച്ഛിക വിഷയമായെടുത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്ന് ഇത്തരമൊരു സമീപനം പ്രതീക്ഷിക്കുന്നില്ലെന്നും ആര്‍ഷോ കൂട്ടിച്ചേർത്തു.
കാഴ്ച്ച പരിമിതിയുള്ള അധ്യാപകന്‍ ക്ലാസെടുത്ത് കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തെ പരിഹസിക്കുന്ന ദൃശ്യങ്ങള്‍ കണ്ട് മനസ്സുലഞ്ഞ് നില്‍ക്കുകയാണ്. അധ്യാപകനെ ക്ലാസിനിടയ്ക്ക് അപമാനിച്ചു എന്ന് മാത്രമല്ല, അത് റീല്‍ ആക്കി നവമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരിക്കുന്നു ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. ഇതിനു നേതൃത്വം നൽകിയ കെ എസ് യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസിലിനെതിരെ കെഎസ്‌യു സംസ്ഥാന നേതൃത്വം നടപടിയെടുക്കണമെന്നും ആര്‍ഷോ ആവശ്യപ്പെട്ടു.
എറണാകുളം മഹാരാജാസ് കോളേജിൽ കാഴ്ച പരിമിതിയുള്ള അദ്ധ്യാപകനെ ക്ലാസ് മുറിയിൽ അവഹേളിച്ച സംഭവം ഭൗർഭാഗ്യകരവും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതുമാണെന്ന് എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവ് പ്രസ്താവനയിലൂടെ അറിയിച്ചു.
സംഭവത്തിൽ ചില വിദ്യാർത്ഥി സംഘടനാ നേതാക്കൾ ഉൾപ്പെടെയുള്ളവർ പ്രതിയായത് ഗൗരവ്വതരമാണ്. ക്യാമ്പസിന് മാതൃകയാ വേണ്ടവർ തന്നെ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നത് അപമാനകരമാണ്.
വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്ന് എഐഎസ്എഫ് സംസ്ഥാന പ്രസിഡൻ്റ് ആർ എസ്സ് രാഹുൽ രാജും സെക്രട്ടറി പി കബീറും ആവശ്യപ്പെട്ടു.