തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാർക്ക് ഒരുകോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷ. സ്ഥിരം ജീവനക്കാർ അപകടത്തിൽ മരിച്ചാൽ ആശ്രിതർക്ക് ഒരുകോടി രൂപ ലഭിക്കും. എസ്ബിഐയുടെ സഹകരണത്തോടെയാണ് പദ്ധതി. ജീവനക്കാർ പ്രീമിയം നൽകേണ്ടതില്ലെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇൻഷുറൻസിന്റെ ആനുകൂല്യം 22,095 സ്ഥിരംജീവനക്കാർക്ക് ലഭിക്കും. അടുത്തമാസം നാലുമുതൽ പദ്ധതി പ്രാബല്യത്തിലാകും. ജീവനക്കാരുടെ അക്കൗണ്ടുകളും സ്ഥാപനത്തിന്റെ പണമിടപാടുകളും മാസം 80 കോടി രൂപ ഓവർഡ്രാഫ്റ്റ് എടുക്കുന്നതിന്റെയും പ്രതിഫലമായി എസ്ബിഐ നൽകുന്നതാണ് ഇൻഷുറൻസ് പരിരക്ഷയെന്നു മന്ത്രി പറഞ്ഞു. പ്രീമിയത്തിന് കെഎസ്ആർടിസിയോ ജീവനക്കാരോ പണംനൽകേണ്ടതില്ല. അപകടത്തിൽ അംഗഭംഗം സംഭവിച്ചാലും ഒരുകോടി രൂപ ലഭിക്കും. ഭാഗിക അംഗവൈകല്യത്തിന് 80 ലക്ഷം രൂപ അനുവദിക്കും. 25,000 മുതൽ 50,000 രൂപവരെ ശമ്പളം ലഭിക്കുന്നവർക്ക് സ്വാഭാവികമരണം സംഭവിച്ചാൽ ആശ്രിതർക്ക് ആറുലക്ഷം രൂപ ലഭിക്കും.
പൊള്ളൽച്ചികിത്സയ്ക്കും പ്ലാസ്റ്റിക് സർജറിക്കും 10 ലക്ഷം രൂപയും വിദേശത്തുനിന്ന് മരുന്നെത്തിക്കാൻ അഞ്ചുലക്ഷം രൂപയും കോമ സ്റ്റേജിലെ ചികിത്സയ്ക്ക് അഞ്ചുലക്ഷവും എയർ ആംബുലൻസ് സേവനത്തിന് 10 ലക്ഷം രൂപയും നൽകും. ഇതിനുപുറമേ, മരണപ്പെടുന്ന ജീവനക്കാരുടെ മക്കൾക്ക് 10 ലക്ഷം രൂപവരെയും പെൺകുട്ടികളുടെ വിവാഹത്തിന് 10 ലക്ഷം രൂപയും ലഭിക്കും. അപകടശേഷമുള്ള യാത്രച്ചെലവിനും മൃതദേഹം നാട്ടിലെത്തിക്കുന്നതിനും അരലക്ഷം രൂപവീതം നൽകും.
പ്രീമിയം അടയ്ക്കുന്നവർക്ക് ഹെൽത്ത് ഇൻഷുറൻസ് ആനുകൂല്യവും കൂട്ടിച്ചേർക്കാം. 1995 രൂപയ്ക്ക് ജീവനക്കാരനും പങ്കാളിക്കും രണ്ട് കുട്ടികൾക്കും രണ്ടുമുതൽ 15 ലക്ഷം രൂപയുടെ ചികിത്സ ലഭിക്കും. 2495 രൂപ നൽകുന്നവർക്ക് 30 ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കും. ഇതിൽ ചേരുന്നത് ജീവനക്കാരുടെ വിവേചനാധികാരമാണെന്നും മന്ത്രി പറഞ്ഞു.
