യുഎസ്- ഇസ്രയേൽ സംയുക്തമായി ഇറാനെതിരെ ആക്രമണം ആരംഭിച്ചതിനു പിന്നാലെ ബഹ്റൈൻ, കുവൈത്ത്, അബുദാബി, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിൽ സ്ഫോടനം. ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളെ ലക്ഷ്യമിട്ട് ഇറാനാണ് ആക്രമണം നടത്തിയത്. അബുദാബിയിൽ സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഇയാൾ ഏഷ്യൻ വംശജനാണെന്നാണ് കൊല്ലപ്പെട്ടത്.
ബഹ്റൈനിൽ അടിയന്തര സൈറൺ മുഴങ്ങിയതായും അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. ബഹ്റൈനിൽ നിന്നുള്ള ദൃശ്യങ്ങളെന്ന തരത്തിൽ നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ബഹ്റൈനിൽ അഞ്ചോളം സ്ഫോടന ശബ്ദങ്ങൾ കേട്ടതായി പ്രദേശവാസികൾ പറയുന്നു. ബഹ്‌റൈൻ ജുഫൈർ ഭാഗത്താണ് യുഎസ് മിലിറ്ററി ക്യാമ്പ് പ്രവർത്തിക്കുന്നത്. ജുഫൈർ ഭാഗത്തുനിന്നും പുക ഉയരുന്നതായും റിപ്പോർട്ടുകളുണ്ട്. കുവൈത്തിൽ ജഹ്റയിലാണ് സ്ഫോടനം നടന്നതെന്നാണ് വിവരം.
സൈനിക കേന്ദ്രങ്ങളുടെ പരിസരത്തുനിന്നും എല്ലാവരും അകന്നു നിൽക്കണം. വീടുകളിലോ മറ്റു സുരക്ഷിതയിടങ്ങളിലോ ജനങ്ങൾ തുടരണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അപകടസാധ്യതകൾ ഒഴിവാക്കാൻ അത്യാവശ്യ സന്ദർഭങ്ങളിൽ അല്ലാതെ പുറത്തു പോകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു. ആക്രമണത്തിന് പിന്നാലെ ഖത്തർ, കുവൈത്ത്, യുഎഇ എന്നീ ഗൾഫ് രാജ്യങ്ങൾ വ്യോമപാത അടച്ചു.


