ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പരസ്യങ്ങൾ കൊടുക്കുന്നതു സംബന്ധിച്ചു കർശന നിലപാട് വ്യക്തമാക്കി സുപ്രീം കോടതി. ഒരു ഉത്പന്നത്തിന്റേയോ സേവനത്തിന്റേയോ പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു കണ്ടെത്തിയാൽ അതിന്റെ ഭാഗമായ സെലിബ്രിറ്റികൾ, സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാർക്കും തുല്യ ഉത്തരവാദിത്വം ഉണ്ടായിരിക്കുമെന്നു പരമോന്നത കോടതി വ്യക്തമാക്കി.
പ്രചരിപ്പിക്കുന്ന പരസ്യങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കമില്ലെന്നു ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം സെലിബ്രിറ്റികളടക്കമുള്ളവർക്കുണ്ട്. ജനങ്ങൾക്കിടയിൽ ഇത്തരം ആളുകൾക്കുള്ള വിശ്വാസം ദുരുപയോഗം ചെയ്യരുതെന്നും കോടതി ചൂണ്ടിക്കാട്ടി.
പതഞ്ജലി പരസ്യ വിവാദ കേസിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ ശ്രദ്ധേയ നിരീക്ഷണം. ജസ്റ്റിസ് ഹിമ കോഹ്‍ലി, എ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.
ഉപഭോക്താക്കൾക്കു വിപണിയിൽ നിന്നു വാങ്ങുന്ന ഉത്പന്നങ്ങളെപ്പറ്റി കൃത്യമായ വിവരം നൽകുന്നതാകണം പരസ്യങ്ങളെന്ന കാര്യം കോടതി ഓർമിപ്പിച്ചു. പരസ്യങ്ങൾ പ്രക്ഷേപണം ചെയ്യുന്നതിനു മുൻപ് പരസ്യത്തിലെ ഉള്ളടക്കം നിയമങ്ങൾ പാലിക്കുന്നതാണെന്ന സത്യവാങ്മൂലം പരസ്യം നൽകുന്നവർ സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കി.
ഉപഭോക്താക്കൾക്കു ഉത്പന്നങ്ങളെ കുറിച്ച് പരാതികൾ നൽകുന്നതിനു ആവശ്യമായ നടപടിക്രമങ്ങൾ മന്ത്രാലയങ്ങൾ എടുക്കണം. ശരിയായ വിധത്തിലുള്ള പരിഹാരം ഉണ്ടാകുന്നെന്നു ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം മന്ത്രാലയങ്ങൾക്കുണ്ടെന്നും കോടതി ഓർമിപ്പിച്ചു.

