കൊച്ചി: കേരളത്തിൽ വിവിധയിടങ്ങളിൽ ഇന്നും മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബംഗാൾ ഉൾക്കടലിലും തെക്കേ ഇന്ത്യക്ക് മുകളിലും കിഴക്കൻ കാറ്റ് ശക്തമായേക്കും. ഈ സാഹചര്യത്തിൽ വടക്കൻ കേരളത്തിൽ ഉൾപ്പെടെ കൂടുതൽ സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ട്. തമിഴ്നാട്ടിലും മഴ സജീവമായേക്കും.
