ന്യൂഡൽഹി: വിമാനത്താവളത്തിൽ എട്ട് കോടിയോളം രൂപ വിലമതിക്കുന്ന സ്വർണ നാണയങ്ങളുമായി ജമ്മു കശ്മീർ സ്വദേശികൾ കസ്റ്റംസിന്റെ പിടിയിൽ. വിദേശത്തു നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണ നാണയങ്ങൾ പിടിച്ചെടുത്തത്. ഡൽഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. ഇറ്റലിയിലെ മിലാനിൽ നിന്നെത്തിയതായിരുന്നു ഇരുവരും. എവിടേക്ക് കൊണ്ടുപോകാനാണ് സ്വർണം കൊണ്ടുവന്നതെന്നത് ഉൾപ്പെടെ വിശദമായി അന്വേഷിക്കുകയാണ് ഉദ്യോഗസ്ഥർ. ജമ്മു കശ്മീർ സ്വദേശികളായ രണ്ട് പേരെയും വന്നിറങ്ങിയതു മുതൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നിരീക്ഷിക്കുകയായിരുന്നു. ഇരുവരെയും കുറിച്ച് കസ്റ്റംസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. എന്നാൽ ഇരുവരുടെയും ബാഗുകൾ പരിശോധിച്ചപ്പോൾ സംശയകരമായി ഒന്നും അതിലുണ്ടായിരുന്നില്ല. പിന്നീട് ഇവരെ വിശദമായി ദേഹപരിശോധന നടത്തിയപ്പോഴാണ് രണ്ട് പേരും പ്രത്യേകമായി രൂപകൽപന ചെയ്ത ബെൽറ്റാണ് ധരിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
വിശദമായ പരിശോധനയിൽ ബെൽറ്റിനുള്ളിൽ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ നിലയിൽ ഭദ്രമായി സൂക്ഷിച്ചിരിക്കുകയായിരുന്നു സ്വർണ നാണയങ്ങൾ. അഞ്ച് കിലോയിലധികം തൂക്കമുണ്ടായിരുന്നു ഓരോരുത്തരുടെയും ബെൽറ്റുകളിൽ. ഓരോ നാണയങ്ങളായി പുറത്തെടുത്ത് പരിശോധിച്ചപ്പോളാണ് അഞ്ച് കിലോയിലധികം തൂക്കമുണ്ടെന്ന് തെളിഞ്ഞത്. ആകെ 10.092 കിലോഗ്രാം സ്വർണ നാണയങ്ങൾ പിടിച്ചെടുത്തതായി കസ്റ്റംസ് പിന്നീട് ചിത്രങ്ങൾ സഹിതം പങ്കുവെച്ചു. രണ്ട് യാത്രക്കാരെയും കസ്റ്റഡിയിലെടുത്ത് കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്.
