Headlines

ജനസമ്പർക്ക പരിപാടിയിലൂടെ ജനസ്പന്ദനമറിഞ്ഞ ജനനായകൻ

ജനനായകന് വിടപറഞ്ഞ് കേരളം.


ഒരു വില്ലേജ് ഓഫീസിൽ പോലും ധൈര്യത്തോടെ കടന്നുചെല്ലാൻ കഴിവില്ലാത്തവരുടെ അടുത്തേക്ക് മുഖ്യമന്ത്രി ആയിരിക്കെ നേരിട്ടിറങ്ങി അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും കൃത്യമായി പരിഹാരം കാണുകയും ചെയ്ത ജനനായകൻ ഇനിയില്ല എന്ന തിരിച്ചറിവോടെയാണ് ഇന്ന് കേരളം ഉണർന്നത്.

രണ്ടാം തവണയും 2011 ൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി ഉമ്മൻചാണ്ടി അധികാരമേറ്റു. 2011 മുതൽ 3 വർഷം 3 ഘട്ടമായി ജില്ലകളിൽ നടത്തിയ ജനസമ്പർക്ക പരിപാടി ലോകശ്രദ്ധ തന്നെ അദ്ദേഹത്തിന് നേടിക്കൊടുത്തു. തന്റെ എഴുപതാം വയസ്സിൽ പ്രായത്തിന്റെ അവശതകൾ മറന്ന് ദിവസങ്ങളോളം പന്ത്രണ്ടു മുതൽ പത്തൊൻപത് മണിക്കൂർ വരെ ഊണും ഉറക്കവും ത്യജിച്ച് ചുവപ്പുനാടയിൽ കുരുങ്ങിയ ജീവിതങ്ങൾക്ക് വെളിച്ചം പകരാൻ അദ്ദേഹം ഇറങ്ങിത്തിരിച്ചപ്പോൾ അദ്ദേഹത്തെ തേടിയെത്തിയത് ലക്ഷക്കണക്കിന് നിസ്സഹായരായ സാധാരണക്കാരായിരുന്നു.

പ്രായഭേമന്യേ നൂറുകണക്കിന് രോഗികളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. പലരും എത്തിയത് വീൽചെയറിൽ. വളരെവേഗം തീരുമാനമെടുക്കുന്ന അദ്ദേഹം ഒരു പരാതി കേട്ടുകൊണ്ടിരിക്കെ തന്നെ നടപടി കടലാസിൽ കുറിക്കും. ഉമ്മൻചാണ്ടിയുടെ ജനസമ്പർക്ക പരിപാടി ഭരണാധികാരിയുടെ ജനോപകാര പ്രദമായ മഹത്തായ പദ്ധതിയെന്ന രീതിയിലാണ് കേരള രാഷ്ട്രീയ ചരിത്രത്തിൽ എന്നന്നേക്കുമായി അടയാളപ്പെടുത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥർ പോലും അമ്പരന്നുനിന്ന ജനസമ്പർക്ക പരിപാടി ഉമ്മൻചാണ്ടിയെ ജനകീയനാക്കിയപ്പോൾ അദ്ദേഹത്തെ തേടിയെത്തിയത് 2013 ലെ ഐക്യരാഷ്ട്ര സംഘടനയുടെ പൊതുജന സേവനത്തിനുള്ള അവാർഡ് ആയിരുന്നു.

വില്ലേജ് ഓഫീസർമാർ എടുക്കേണ്ട പണി മുഖ്യമന്ത്രി ചെയ്യുന്നുവെന്ന് മറുവശത്തിരുന്ന് പ്രതിപക്ഷം വിമർശിച്ചപ്പോഴും കക്ഷിരാഷ്ട്രീയമില്ലാതെ, ജാതിമതഭേദമന്യേ ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടറിയാനും അവയ്ക്ക് പരിഹാരം കാണാനും തുനിഞ്ഞിറങ്ങിയ ഉമ്മൻചാണ്ടി പതറിയില്ല.

“ജനങ്ങൾക്ക് അർഹമായത് യഥാസമയം ചെയ്തു കൊടുക്കാത്തത് കൊണ്ടല്ലേ സമ്പർക്ക പരിപാടി വേണ്ടി വരുന്നത് ?” എന്ന പത്രക്കാരുടെ ചോദ്യത്തിന് ഉമ്മൻചാണ്ടിയുടെ മറുപടി ഇങ്ങനെയായിരുന്നു,
“പലപ്പോഴും തീരുമാനമെടുക്കാൻ വൈകുന്നത് ജനങ്ങളുടെ ആവശ്യങ്ങളിൻമേൽ ഉദ്യോഗസ്ഥരുടെ സംശയങ്ങളും ആശങ്കകളും കൊണ്ടാവാം. എന്നാൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥർ ഒന്നിച്ചിരുന്ന് ചർച്ച ചെയ്യുമ്പോൾ പെട്ടെന്ന് തീരുമാനം ഉണ്ടാകും.”

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: