ഡൽഹി: ജാർഖണ്ഡിൽ മുൻ മുഖ്യമന്ത്രിയും മുതിർന്ന ജെഎംഎം നേതാവുമായ ചമ്പായ് സോറൻ ഇന്ന് ബിജെപിയിൽ ചേർന്നു. ഝാർഖണ്ഡിലെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കേയാണ് ചമ്പായി സോറൻ ബിജെപിയിലേക്ക് കളം മാറ്റി ചവിട്ടിയത്.
റാഞ്ചിയിൽ കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ്റെയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെയും സാന്നിധ്യത്തിൽ ആയിരുന്നു സോറനെ ബിജെപിയിലേക്ക് സ്വീകരിച്ചത്.
വ്യക്തമായ ആലോചനകൾക്ക് ശേഷമാണ് താൻ ബിജെപിയിൽ ചേരുന്നതെന്ന് ചംപയ് സോറൻ പറഞ്ഞു. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുയി ചമ്പായ് സോറൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ‘നരേന്ദ്ര മോദിയെ വിശ്വസിക്കാൻ തീരുമാനിച്ചു’ എന്നാണ് സോറൻ ബിജെപി പ്രവേശനത്തെക്കുറിച്ച് പറയുന്നത്.
ഫെബ്രുവരിയിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലാകുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഹേമന്ത് സോറൻ രാജിവെച്ചതിനെ തുടർന്നാണ് ചമ്പായി ജാർഖണ്ഡിന്റെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. ജൂണിൽ ഹേമന്തിന് ജാമ്യം ലഭിച്ചതിന് ശേഷമാണ് ചമ്പായി- ഹേമന്ത് ക്യാമ്പുകളിൽ പിരിമുറുക്കം തുടങ്ങിയത്. ഇതിന് പിന്നാലെയാണ് ചമ്പായ് സോറൻ പാർട്ടി വിടാൻ തീരുമാനിച്ചത്. ജാർഖണ്ഡിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ അഞ്ച് മാസം മാത്രമാണ് ബാക്കിയുള്ളപ്പോഴാണ് ചംപയ് സോറന്റെ രാഷ്ട്രീയ നീക്കം.

