വയനാടിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നു,  ജനങ്ങള്‍ക്കൊപ്പം അമേരിക്കയുണ്ടാകും; അനുശോചനം രേഖപ്പെടുത്തി ജോ ബൈഡൻ




വാഷിങ്ടൺ: വയനാട് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ ദുഖത്തില്‍ പങ്കു ചേരുന്നുവെന്നും ദുരന്തത്തിന് ഇരയായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും ബൈഡന്‍. ഈ വിഷമഘട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം അമേരിക്കയുണ്ടാകും. രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ട സൈന്യത്തിന്‍റെയും നാട്ടുകാരുടെയും ധീരത പ്രശംസനീയമാണെന്നും വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെ അറിയിച്ചു.


ഇതുവരെ 291 മരണമാണ് ദുരന്തമുഖത്ത് റിപ്പോർട്ട് ചെയ്യുന്നത്. 240 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. 1700 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. ഇന്നലെ നടത്തിയ തെരച്ചിലിൽ 40 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ചാലിയാർ പുഴയുടെ 40 കിലോമീറ്റർ പരിധിയിലും തെരച്ചിൽ നടക്കും. ബെയ്‍ലി പാലത്തിലൂടെ യന്ത്രങ്ങളും ആംബുലൻസുകളും എത്തിക്കും. ഇന്ന് ദുരന്ത മേഖലയിൽ തെരച്ചിൽ കൂടുതൽ ഊർജിതമാക്കും. ആറ് സോണുകളായി തിരിച്ചാണ് പരിശോധന. അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തെ സോണും ആണ്. വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാർമല അഞ്ചാമത്തെ സോണുമാണ്. പുഴയുടെ അടിവാരം ആറാമത്തെ സോണാണ്. സൈന്യം, എൻഡിആർഎഫ്, ഡിഎസ്‌ജി, കോസ്റ്റ് ഗാർഡ്, നേവി, തുടങ്ങിയ വിഭാഗങ്ങള്‍ സംയുക്തമായാണ് തെരച്ചിൽ നടത്തുക. ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനം വകുപ്പ് ജീവനക്കാരനും ഉണ്ടാവും. ഇതുകൂടാതെ, ചാലിയാർ പുഴയുടെ 40 കിലോമീറ്ററിൽ പരിധിയിൽ പൊലീസ് സ്റ്റേഷൻ അതിർത്തികളിലും തെരച്ചിൽ തുടരും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: