ന്യൂഡൽഹി: ബിജെപിക്ക് പ്രവർത്തിക്കാൻ ഇപ്പോൾ ആർ എസ് എസിന്റെ സഹായം ആവശ്യമില്ലെന്ന് പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡ. ബിജെപി വളർന്ന് സ്വയംപര്യാപ്തത കൈവരിച്ചുവെന്നും ആർഎസ്എസ്സുമായുള്ളത് പ്രത്യയശാസ്ത്ര സഖ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ആർ എസ് എസും ബിജെപിയും തമ്മിലുള്ള ബന്ധം സംബന്ധിച്ച് നഡ്ഡ വിശദീകരിച്ചത്.
അടൽ ബിഹാരി വാജ്‌പേയിയുടെ കാലത്തും ഇപ്പോഴും ആർഎസ്എസിന്റെ സാന്നിധ്യത്തിലുണ്ടായ മാറ്റം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കനെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തുടക്കകാലത്ത് പാർട്ടിക്ക് ശക്തി കുറവായിരുന്നു. അന്ന് ആർഎസ്എസിനെ ആവശ്യമായി വന്നിരുന്നു. ഇന്ന് ഞങ്ങൾ വളർന്ന് കരുത്തുള്ള പാർട്ടിയായി. ബിജെപി ഇപ്പോൾ സ്വയം പര്യപ്തതയോടെയാണ് പ്രവർത്തിക്കുന്നത്’ നഡ്ഡ പറഞ്ഞു.
‘നോക്കൂ പാർട്ടി വളർന്നു. എല്ലാവർക്കും അവരവരുടെ ചുമതലകളും റോളുകളും ലഭിച്ചു. ആർഎസ്എസ് ഒരു സാംസ്‌കാരിക സാമൂഹിക സംഘടനയാണ്, ഞങ്ങളൊരു രാഷ്ട്രീയ സംഘടനയാണ്. ആർഎസ്എസ്സുമായുള്ളത് പ്രത്യയശാസ്ത്ര സഖ്യമാണ്. ഞങ്ങൾ ഞങ്ങളുടെ കാര്യങ്ങൾ സ്വന്തം രീതിയിൽ കൈകാര്യം ചെയ്യുന്നു. രാഷ്ട്രീയ പാർട്ടികൾ ചെയ്യേണ്ടതും അതാണ്’. – നഡ്ഡ പറഞ്ഞു.
കാശിയിലും മഥുരയിലും തർക്കപ്രദേശത്ത് ക്ഷേത്രം പണിയാൻ ബിജെപിക്ക് പദ്ധതിയില്ലെന്നും നഡ്ഡ അഭിമുഖത്തിൽ പറഞ്ഞു.

