കണ്ണൂര്‍ എഡിഎം നവീന്‍ ബാബു മരിച്ച നിലയില്‍; തൂങ്ങിമരിച്ചത് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആരോപണം ഉന്നയിച്ചതിന് പിന്നാലെ

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബു മരിച്ച നിലയില്‍. പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എഡിഎമ്മിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇന്നലെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.

ഇന്നലെ എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ വെച്ചാണ് ക്ഷണിക്കാതെയെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതിയാരോപണമുന്നയിച്ചത്. ഇതില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് സൂചന. കലക്ടറുടെ സാന്നിധ്യത്തിലായിരുന്നു പിപി ദിവ്യയുടെ പ്രസംഗം. പ്രസംഗം അവസാനിപ്പിച്ച ദിവ്യ, ഉപഹാരം നല്‍കുമ്പോള്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് വേദി വിട്ടു.എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലാണ് ആരോപണം ഉന്നയിച്ചത്. കണ്ണൂരില്‍ നിന്നും നവീന്‍ ബാബു ഇന്ന് പത്തനംതിട്ടയിലേക്ക് ജോലിക്ക് പോകേണ്ടതായിരുന്നു. എന്നാല്‍ ഇന്ന് രാവിലത്തെ ട്രെയിനില്‍ കയറിയില്ലെന്ന് കണ്ട് ബന്ധുക്കള്‍ വിവരമറിയിച്ചു. തുടര്‍ന്ന് താമസ സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ചെങ്ങളായിയില്‍ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നത് മാസങ്ങളോളം വൈകിപ്പിച്ച എഡിഎമ്മിന്റെ നടപടിയിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിമര്‍ശനം ഉന്നയിച്ചത്. ദിവസങ്ങള്‍ക്കു മുന്‍പ് എന്‍ഒസി അനുവദിച്ചത് അഴിമതിയാണെന്നും ഇതിന്റെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും ദിവ്യ ആരോപിച്ചു. ഈ കാര്യം രണ്ടു ദിവസത്തിനുള്ളില്‍ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയാണ് യാത്രയയപ്പ് യോഗത്തില്‍ തന്റെ പ്രസംഗം കഴിഞ്ഞ് ദിവ്യ പുറത്തേയ്ക്ക് പോയത്.

സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. എഡിഎമ്മിന്റെ മരണം രാഷ്ട്രീയവിവാദമായി മാറിയതോടെ കോണ്‍ഗ്രസും ബിജെപിയും സിപിഎം നേതാവ് കൂടിയായ പിപി ദിവ്യ യ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്.



Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: