കേരളത്തിൽനിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി ഇന്ന് പ്രഖ്യാപിക്കുമെന്ന് ഉറപ്പായി. ഇന്നു വൈകിട്ട് 4 മണിക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ വാർത്താസമ്മേളനം നടത്തി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും. ഏപ്രിൽ 17നും 24നും ഇടയിലായിരിക്കും കേരളത്തിൽ വോട്ടെടുപ്പ് നടക്കുക. വിഷുവും ഈസ്റ്ററും ഉൾപ്പെടെയുള്ള ആഘോഷങ്ങൾ പരിഗണിച്ചായിരിക്കും തീയതി നിശ്ചയിക്കുക. കേരളത്തിൽ പതിവുപോലെ ഒറ്റഘട്ടമായിട്ടായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണൽ മേയ് ആദ്യവാരത്തിൽ നടക്കാനാണ് സാധ്യത.


പശ്ചിമ ബംഗാളിൽ വോട്ടർ പട്ടിക സംബന്ധിച്ച നടപടികൾ പൂർത്തിയാകാത്തതിനെ തുടർന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിയതാണെന്നാണു വിവരം. അന്തിമ വോട്ടർപട്ടികയെക്കുറിച്ച് പരാതികൾ നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കുകയാണ്. ഫെബ്രുവരി 28നാണ് അവിടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. അതേസമയം, എസ്‌ഐആറുമായി ബന്ധപ്പെട്ട ചില പരാതികൾ സുപ്രീം കോടതിയുടെ പരിഗണനയിലുമുണ്ട്.

കേരളത്തിനൊപ്പം തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കും. ഇതിൽ കേരളം, തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിൽ ഒറ്റഘട്ടമായിട്ടായിരിക്കും വോട്ടെടുപ്പ്. അസമിലും പശ്ചിമ ബംഗാളിലും സുരക്ഷാ ക്രമീകരണങ്ങൾ പരിഗണിച്ച് വിവിധ ഘട്ടങ്ങളിലായിട്ടാകും തിരഞ്ഞെടുപ്പ് നടക്കുക. കഴിഞ്ഞ തവണ പശ്ചിമ ബംഗാളിൽ എട്ട് ഘട്ടങ്ങളിലായിട്ടായിരുന്നു വോട്ടെടുപ്പ് പൂർത്തിയാക്കിയത്.

അതേസമയം കേരളത്തിൽ പ്രധാന രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർഥി പട്ടികകൾ അന്തിമരൂപത്തിലാക്കുന്ന ഘട്ടത്തിലാണ്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ഉടൻ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ശക്തമായ പ്രചാരണത്തിലേക്ക് പാർട്ടികൾ കടക്കുമെന്നാണ് സൂചന.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: