Headlines

കേരള സ്കൂള്‍ ഒളിമ്പിക്സ് ഒക്ടോബര്‍ 21 മുതല്‍: രാത്രിയും പകലും മത്സരങ്ങൾ

സംസ്ഥാന സ്കൂള്‍ കായിക മേള -2025 ഒളിമ്പിക്സ് മാതൃകയില്‍ ഒക്ടോബര്‍ 21 മുതല്‍ 28 വരെ തിരുവനന്തപുരത്ത് നടക്കും. കായിക മേളയില്‍ അണ്ടര്‍ ഫോര്‍ട്ടീന്‍, സെവന്‍റീന്‍, നൈന്‍റീന്‍ കാറ്റഗറികളിലും അതോടൊപ്പം സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളും ഉള്‍പ്പെടെ ഇരുപതിനായിരത്തോളം കായിക പ്രതിഭകള്‍ പങ്കെടുക്കും.

സ്കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച ദേശീയ സ്കൂള്‍ മീറ്റ് ഷെഡ്യൂളിന് അനുസൃതമായി 39 സ്കൂള്‍ സ്പോര്‍ട്സ്, ഗെയിംസ് മത്സരങ്ങളുടെ ഷെഡ്യൂള്‍ തയ്യാറാക്കുകയും
ഗ്രൂപ്പ് വണ്‍ ആന്‍റ് ടു മത്സരങ്ങള്‍ കണ്ണൂര്‍, കൊല്ലം ജില്ലകളില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഗ്രൂപ്പ് ത്രീ ആന്‍റ് ഫോര്‍ മത്സരങ്ങള്‍ പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ വരും ദിവസങ്ങളില്‍ പൂര്‍ത്തിയാകുമെന്നും
ഈ മത്സരങ്ങളുടെ നാഷണല്‍ മത്സരങ്ങള്‍ സ്കൂള്‍ ഒളിമ്പിക്സിന് മുന്‍പ് നടത്താന്‍
എസ്.ജി.എഫ്.ഐ. തീരുമാനിച്ചത് കൊണ്ടാണ് ഇവ നേരത്തെ നടത്തേണ്ടി വന്നതെന്നും മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

തിരുവനന്തപുരം നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും 12 സ്റ്റേഡിയങ്ങളിലായി പകലും രാത്രിയുമായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം നഗരമധ്യത്തിലെ സെന്‍ട്രല്‍ സ്റ്റേഡിയമാണ് നിലവില്‍ പ്രധാന വേദിയായി നിശ്ചയിച്ചിട്ടുള്ളത്. ഈ സ്റ്റേഡിയത്തില്‍ താത്കാലിക ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ ജര്‍മ്മന്‍ ഹാങ്ങര്‍ പന്തല്‍ ഉപയോഗിച്ച് നിര്‍മിച്ച് ജനങ്ങളെ ആകര്‍ഷിക്കുന്ന തരത്തില്‍ പോപ്പുലര്‍ ആയിട്ടുള്ള 12 ഓളം കായിക ഇനങ്ങള്‍ ഒരുമിച്ച് സംഘടിപ്പിക്കുന്നു.

കേരളത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംവിധാനം ഒരുങ്ങുന്നത്. ഏകദേശം ആറായിരത്തിലധികം കുട്ടികളെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ഈ വേദിയില്‍ പ്രതീക്ഷിക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ ഇത്തവണയും മത്സരങ്ങള്‍ ദേശീയ നിലവാരത്തിലുള്ള കളിസ്ഥലങ്ങളിലാണ് സംഘടിപ്പിക്കുന്നത്.

ഒളിമ്പിക്സ് മാതൃകയില്‍ രണ്ടാമത് സംഘടിപ്പിക്കുന്ന അറുപത്തി ഏഴാമത് സ്കൂള്‍ കായികമേളയുടെ ഭാഗമായി വിവിധ പരിപാടികളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്നത്. വര്‍ണ്ണശബളമായ വിളംബര ഘോഷയാത്ര ഒരാഴ്ച മുമ്പ് സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. കൂടാതെ പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങ്, കായിക പ്രതിഭകള്‍ സംഗമിക്കുന്ന മാര്‍ച്ച് പാസ്റ്റ്, രാജ്യാന്തര കായിക താരങ്ങളും കായിക പ്രതിഭകളും സംഗമിക്കുന്ന ദീപശിഖാ പ്രയാണം എന്നിവയും ഈ കായിക മാമാങ്കത്തിനു മാറ്റുകൂട്ടും.

മുന്‍ സ്കൂള്‍ ഒളിമ്പിക്സ് വേദിയായ മഹാരാജാസ് ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച് ഈ വര്‍ഷത്തെ പ്രധാന വേദിയില്‍ സമാപിക്കുന്ന രീതിയില്‍ ആകും ദീപശിഖാ പ്രയാണം സംഘടിപ്പിക്കുന്നത്. സ്കൂള്‍ ഒളിമ്പിക്സ് ലോഗോ, ഫ്ലാഗ് ഹോസ്റ്റിങ്, ഒളിമ്പിക്സ് തീം സോങ്, ബ്രാന്‍ഡ് അംബാസിഡര്‍, ഗുഡ് വിൽ അംബാസിഡര്‍, പ്രോമോ വീഡിയോ തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്.
ഇത്തവണ കുട്ടികളില്‍ നിന്നാണ് ഒളിമ്പിക്സ് തീം സോംഗ് തെരഞ്ഞെടുക്കുന്നത്.

ഒളിമ്പിക്സ്, ഏഷ്യാഡ് തുടങ്ങിയ അന്താരാഷ്ട്ര സ്പോര്‍ട്സ് മേളകളില്‍ അതത് രാജ്യങ്ങളുടെ സംസ്കാരം വിളിച്ചോതുന്ന പരിപാടികളാണ് ഉദ്ഘാടന വേളയില്‍ സംഘടിപ്പിക്കാറുള്ളത്. ഇതു പോലെയായിരിക്കും സംസ്ഥാന സ്കൂള്‍ കായികമേളയുടെയും ഉദ്ഘാടന ചടങ്ങും.

ഉദ്ഘാടന ചടങ്ങിനൊപ്പമുള്ള മാര്‍ച്ച് പാസ്റ്റില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ ഉള്‍പ്പെടെ നാലായിരത്തി അഞ്ഞൂറ് പേര്‍ പങ്കെടുക്കും. കൂടാതെ എസ്.പി.സി., എന്‍.സി.സി. ബാന്‍ഡ്, മാസ് ഡ്രില്‍ എന്നിവയുടെ അകമ്പടിയും ഉണ്ടാകും.
സ്വര്‍ണ്ണകപ്പ് ഘോഷയാത്ര, ദീപ ശിഖാ പ്രയാണം എന്നിവയ്ക്ക് ഒപ്പം തെരുവു നാടകങ്ങള്‍, ഫ്ളാഷ് മോബുകള്‍ എന്നിവയും നടത്തുന്നതാണ്.

അതോടൊപ്പം കലാ സന്ധ്യകള്‍, സാഹസിക കായിക ഇനങ്ങളുടെ പ്രദര്‍ശനം, സ്പോര്‍ട്സ് സ്റ്റാളുകള്‍, ഫുഡ് ഫെസ്റ്റിവലുകള്‍, നൈറ്റ് ബാന്‍ഡ് എന്നിവ കൂടി സംഘടിപ്പിക്കുന്നതാണ്. മത്സരങ്ങളുടെ പൂര്‍ണ്ണമായ ലൈവ് ടെലക്കാസ്റ്റ് കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി ഉണ്ടായിരിക്കുന്നതാണ്.മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി എണ്ണൂറോളം ഒഫിഷ്യല്‍സ്, മുന്നൂറ്റി അമ്പതോളം സെലക്ടര്‍മാര്‍, രണ്ടായിരത്തോളം വോളണ്ടിയേഴ്സ്, ഇരുന്നൂറ് സാങ്കേതിക വിദഗ്ധര്‍ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കുന്നു.
നഗരത്തിലെ തിരഞ്ഞെടുക്കപ്പെട്ട
എഴുപത്തിയഞ്ചോളം സ്കൂളുകളില്‍
പതിനെട്ടായിരത്തി അഞ്ഞൂറോളം കുട്ടികള്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: