തൃശൂർ: കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ കേരളവർമ്മ കോളേജിൽ കെ എസ് യു വിന് അട്ടിമറി ജയം. ചെയർമാൻ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കെ എസ് യു സ്ഥാനാർഥി ശ്രീക്കുട്ടനാണ് ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. 32 വർഷത്തിന് ശേഷമാണ് കേരളവർമ്മയിൽ കെ എസ് യുവിന് ജനറൽ സീറ്റ് ലഭിക്കുന്നത്. എസ്എഫ്ഐയുടെ ആവശ്യപ്രകാരം റീക്കൗണ്ടിങ്ങ് നടത്തും. അതേസമയം, തൃശൂർ ജില്ലയിൽ എസ്എഫ്ഐ മേധാവിത്തം തുടർന്നു. 28 കോളേജുകളിൽ 26ഉം എസ്എഫ്ഐ നേടി. രണ്ടിടത്ത് കെ എസ് യു , യുഡിഎസ്എഫ് മുന്നണി വിജയിച്ചു. സെന്റ് തോമസ് കോളേജിൽ കെഎസ് ഒറ്റയ്ക്കാണ് ഭൂരിപക്ഷം നേടിയത്. രണ്ടു സീറ്റിൽ എസ്എഫ്ഐ ജയിച്ചു. തൊഴിയൂർ കോളജിൽ യുഡിഎസ്എഫ് മുന്നണി ആണ് വിജയിച്ചത്. എഐഎസ്എഫ്. മത്സരിച്ച 15കോളജുകളിൽ എട്ടിടത്ത് വിജയിച്ചു.

ചാലക്കുടി സേക്രട്ട് ഹാർട്ട് കോളജ് ചെയർപേഴ്സൺ അലൈഷ ക്രിസ്റ്റി ജോഫി, ഇരിങ്ങാലക്കുട നമ്പൂതിരിസ് കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ചെയർമാൻ -റിൻഷാദ്, വലപ്പാട് ഐഎച്ച്ആർഡി ചെയർപേഴ്സൺ- വിഷ്ണുപ്രിയ കെ പി, ഇരിങ്ങാലക്കുടസെന്റ് ജോസഫ് കോളജ് ജനറൽ സെക്രട്ടറി – സാബി കെ ബൈജു എന്നിവരാണ് ജയിച്ചവർ. വിവിധ കേളജുകളിലെ അസോസിയേഷൻ സെക്രട്ടറിമാരായി ആദിത്യൻ സന്തോഷ്, ഫിയാസ് അസ്ലമും ക്ലാസ് പ്രതിനിധികളായി മാർട്ടിൻ സണ്ണി, ആയില്യ രാജേഷ്, ശിവപ്രിയ പി, ഫാരിസുൽ സൽമാൻ, മുഹമ്മദ് അലി, എം.യു. കൃഷണൻ എന്നിവരെയും തെരഞ്ഞെടുത്തു.
പാലക്കാട് ജില്ലയിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലും കെ എസ് യു മികച്ച വിജയം നേടി. പാലക്കാട് വിക്ടോറിയ കോളേജിൽ 23 വർഷത്തിനു ശേഷം കെ എസ് യു യൂണിയൻ പിടിച്ചെടുത്തു. ചെയർമാൻ, ജനറൽ സെക്രട്ടറി, ജനറൽ ക്യാപ്റ്റൻ എന്നീ സീറ്റുകളിൽ ഉൾപ്പെടെ കെ എസ് യു വിജയിച്ചു.
