കേരളത്തിലെ ആദ്യ വനിതാ ആംബുലൻസ് ഡ്രൈവർ; സിസ്റ്റർ ഫ്രാൻസിസ് നിര്യാതയായി




തളിപ്പറമ്പ്: കേരളത്തിലെ ആദ്യത്തെ വനിതാ ആംബുലൻസ് ഡ്രൈവർ സിസ്റ്റർ ഫ്രാൻസിസ് നിര്യാതയായി. 1975 ൽ ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായ സിസ്റ്റർ പിന്നീട് ആംബുലൻസ് അടക്കമുള്ള വലിയ വാഹനങ്ങൾ ഓടിക്കാനുള്ള ബാഡ്ജ് കരസ്ഥമാക്കി. പട്ടുവം ദീനസേവന സഭ (ഡിഎസ്എസ്) അംഗമായിരുന്നു സിസ്റ്റർ ഫ്രാൻസിസ്. 74 വയസ്സായിരുന്നു.

അര നൂറ്റാണ്ട് മുമ്പ് സ്ത്രീകള്‍ വാഹനമോടിക്കുന്നത് അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമായിരുന്ന 1975 കാലഘട്ടത്തില്‍ ആദ്യത്തെ ശ്രമത്തില്‍ തന്നെ സിസ്റ്റർ ഡ്രൈവിംഗ് ടെസ്റ്റ് പാസായി. ദീനസേവന സഭ സംരക്ഷിക്കുന്ന കുട്ടികളെയും അശരണരെയും ആശുപത്രികളിൽ എത്തിക്കാൻ അന്ന് ഡിഎസ്എസിന് ആംബുലൻസ് ഉണ്ടായിരുന്നു.

ആംബുലന്‍സ് അടക്കമുള്ള വലിയ വാഹനങ്ങള്‍ ഓടിക്കാന്‍ ബാഡ്ജ് ആവശ്യമാണെന്നു പിന്നീട് മനസിലായതോടെ കോഴിക്കോട് നടന്ന ടെസ്റ്റില്‍ ബാഡ്ജ് കരസ്ഥമാക്കി.
ദീനസേവനസഭയുടെ നിരവധി കോണ്‍വെന്റുകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള സിസ്റ്റര്‍ പ്രാന്‍സിസ് പട്ടുവത്തെ സെന്റ് ആഞ്ജല ഹോമില്‍ വിശ്രമജീവിതം നയിച്ചുവരവെ ഇന്നലെ രാത്രിയായിരുന്നു അന്ത്യം.

കോട്ടയം സ്വദേശികളായ അയലാറ്റിൽ മത്തായി–അന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: എ.എം.ജോൺ (റിട്ട. പ്ര‌ഫസർ, കാസർകോട് ഗവ. കോളജ്), ലീലാമ്മ വാരണാക്കുഴിയിൽ, സിസ്റ്റർ ഫ്രാൻസിൻ (വിസിറ്റേഷൻ കോൺവന്റ് പയ്യാവൂർ), ത്രേസ്യാമ്മ നൂറ്റിയാനിക്കുന്നേൽ, ബേബി, സണ്ണി, സിസിലി കക്കാടിയിൽ (അധ്യാപിക, വിദ്യാനഗർ കേന്ദ്രീയ വിദ്യാലയം, കാസർകോട്), സാലു (അധ്യാപകൻ, രാജപുരം ഹോളി ഫാമിലി എച്ച്എസ്എസ്), സിസ്റ്റർ ജെസ്വിൻ (കണ്ണൂർ ശ്രീപുരം ബറുമറിയം സെന്റർ), പരേതനായ കുര്യാക്കോസ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: