മികച്ച മലയാള സിനിമകളുടെ തിരക്കാഴ്ചയൊരുക്കി കേരളീയം ചലച്ചിത്രമേള 90 സിനിമകൾ, പ്രവേശനം സൗജന്യം

തിരുവനന്തപുരം :നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരത്ത് നടക്കുന്ന ‘കേരളീയം 2023’ ജനകീയോത്സവത്തിന്റെ ഭാഗമായി ചലച്ചിത്ര അക്കാദമി മലയാളത്തിലെ നാഴികക്കല്ലുകളായ സിനിമകൾ ഉൾപ്പെടുത്തിയുള്ള ചലച്ചിത്രമേള സംഘടിപ്പിക്കും. കെ.എസ്.എഫ്.ഡി.സിയുടെ സഹകരണത്തോടെ തിരുവനന്തപുരത്തെ കൈരളി, ശ്രീ, നിള, കലാഭവൻ എന്നീ തിയേറ്ററുകളിലായാണ് ചലച്ചിത്രമേള നടത്തുന്നത്. നവംബർ രണ്ടു മുതൽ ആറുദിവസം നീണ്ടുനിൽക്കുന്ന മേളയിൽ തൊണ്ണൂറോളം മലയാള സിനിമകൾ പ്രദർശിപ്പിക്കും. മലയാളത്തിലെ ക്ലാസിക് സിനിമകൾ വലിയ സ്‌ക്രീനിൽ കാണാൻ പുതിയ തലമുറയ്ക്ക് ലഭിക്കുന്ന അപൂർവ അവസരംകൂടിയാണ് ഇത്. ഡിജിറ്റൽ റെസ്റ്റോറേഷൻ ചെയ്ത അഞ്ചു ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. ഓളവും തീരവും, യവനിക, വാസ്തുഹാര, തമ്പ്, കുമ്മാട്ടി എന്നീ ചിത്രങ്ങളുടെ ശബ്ദവും ദൃശ്യവും മെച്ചപ്പെടുത്തി പുനരുദ്ധരിച്ച ഏറ്റവും മിഴിവാർന്ന പ്രിന്റുകളാണ് പ്രദർശിപ്പിക്കുക.
ക്ലാസിക് ചിത്രങ്ങൾ, ജനപ്രിയ ചിത്രങ്ങൾ, കുട്ടികളുടെ ചിത്രങ്ങൾ, സ്ത്രീപക്ഷ സിനിമകൾ എന്നീ വിഭാഗങ്ങളിലായാണ് പ്രദർശനം. കൈരളിയിൽ ജനപ്രിയ ചിത്രങ്ങൾ, ശ്രീയിൽ അവാർഡ് ലഭിച്ച ക്ളാസിക് ചിത്രങ്ങൾ, നിളയിൽ കുട്ടികളുടെ ചിത്രങ്ങൾ, കലാഭവനിൽ വനിതകളുടെ ചലച്ചിത്രങ്ങൾ എന്നിവയാണ് പ്രദർശിപ്പിക്കുക. ഫെസ്റ്റിവലിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമായിരിക്കും. ആദ്യം എത്തിച്ചേരുന്നവർക്ക് ഇരിപ്പിടം എന്ന അടിസ്ഥാനത്തിലായിരിക്കും തിയേറ്ററിലേക്ക് പ്രവേശനം അനുവദിക്കുക. ഒരു ദിവസം ഒരു തിയേറ്ററിൽ നാലു പ്രദർശനങ്ങൾ ഉണ്ടായിരിക്കും. രാവിലെ 9.30 മുതൽ പ്രദർശനം ആരംഭിക്കും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: