പാലക്കാട് : പാലക്കാട് ജില്ലയിൽ ശക്‌തമായ മഴ തുടരുകയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി നല്ല കാറ്റിലും മഴയിലും നിരവധി മരങ്ങളാണ് കടപുഴുകി വീണത്. നിരവധി വീടുകളും വൈദ്യുതി പോസ്റ്റുകളും ശക്തമായ മഴയിൽ തകർന്നിരുന്നു.
ആലത്തൂർ കിഴക്കഞ്ചേരി പഞ്ചായത്തിൽ കെ എസ്ഇബി ജീവനക്കാർ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിയത്. കാറ്റിൽ മരങ്ങൾ വീണ് കെഎസ്ഇബിയുടെ പതിനഞ്ചിലധികം പോസ്റ്റുകൾ തകർന്നു. ശക്തമായ മഴയിലും കാറ്റിലും സ്വന്തം ജീവൻ പോലും പണയം വച്ച് കെഎസ്ഇബി ജീവനക്കാർ രാത്രി പകലില്ലാതെ മരങ്ങൾ മുറിച്ച് മാറ്റി വളരെ വേഗത്തിൽ വൈദ്യുതി പുനസ്ഥാപിച്ചു നൽകി. കിഴക്കഞ്ചേരി കെഎസ്ഇബി എഇ,സബ് എഞ്ചിനീയർ, ഓവർസിയർ, ലൈൻമാൻമാർ,വർക്കർ, മറ്റു കോൺട്രാക്റ്റ് സ്റ്റാഫുകൾ,നാട്ടുകാർ തുടങ്ങിയവരാണ് ഇതിന് നേതൃത്വം നൽകിയത്. കൂടുതൽ അപകടങ്ങൾ ഒന്നുമില്ലാതെ വളരെ വേഗത്തിൽ മരങ്ങൾ മുറിച്ച് മാറ്റി പുതിയ പോസ്റ്റുകൾ സ്ഥാപിച്ച് വൈദ്യുതി നൽകാൻ സഹായിച്ചവർക്ക് കിഴക്കഞ്ചേരി കെഎസ്ഇബി നന്ദി രേഖപ്പെടുത്തി.

