കോഴിക്കോട്: മെഡിക്കൽ കോളേജിൽ തീപിടിത്തമുണ്ടായതിന് പിന്നാലെ അഞ്ച് രോഗികൾ മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. ഗോപാലൻ, ഗംഗാധരൻ, സുരേന്ദ്രൻ, ഗംഗ, നസീറ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിനാണ് പോലീസ്കേസെടുത്തത്. അഞ്ച് പേരും പുക ശ്വസിച്ചും ശ്വാസം കിട്ടാതെയും മരിച്ചുവെന്ന് ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് ഇപ്പോൾ നടപടി. അഞ്ച് പേരുടെയും മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുമെന്നാണ് വിവരം. അപകടം നടന്ന കെട്ടിടം പോലീസ് സീൽ ചെയ്തിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിലൂടെ മരണകാരണം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അപകടം ഉണ്ടായ കെട്ടിടത്തിലെ മരുന്നുകൾ മാറ്റാൻ പ്രിൻസിപ്പൽ പൊലീസിൻ്റെ സഹായം തേടിയിട്ടുണ്ട്. അതേസമയം, അപകടത്തെ തുടർന്ന് നിർധനരായ രോഗികൾ പ്രതിസന്ധിയിലായി. അപകടത്തെ തുടർന്ന് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചവർക്ക് ചികിത്സ ചെലവിന് വഴിയില്ലാത്ത സ്ഥിതിയാണ്. ഓപ്പറേഷൻ നടത്താനുള്ള പണം കണ്ടെത്താനാകാതെ കൊയിലാണ്ടി സ്വദേശിയായ തങ്കയുടെ കുടുംബം പരാതിയുമായി രംഗത്തെത്തി. തങ്കത്തിൻ്റെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നത്.
ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, കൂടുതൽ ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. എൻജിനീയറിങ് വിഭാഗം നടത്തുന്ന പരിശോധനയുടെ റിപ്പോർട്ട് കൂടി വിലയിരുത്തിയാകും അപകട കാരണം സംബന്ധിച്ച് അന്തിമ നിഗമനത്തിലെത്തു. കാരണം സ്ഥിരീകരിക്കാൻ മെഡിക്കൽ ബോർഡ് ഇന്നു യോഗം ചേരും.അതേസമയം, കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിൽ അത്യാഹിത സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സേവനം കൂടി ഇവിടെ ലഭ്യമാക്കും.
മെഡിക്കൽ കോളജിലെ പിഎംഎസ്എസ്‌വൈ ബ്ലോക്ക് അത്യാഹിത വിഭാഗത്തിലെ സിടി സ്കാൻ വെള്ളിയാഴ്ച ഉച്ചവരെ തകരാറിലായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് ഇതു നന്നാക്കിയത്. രാത്രി 7.40 ന് ആണ് എംആർഐ സ്കാനിങ്ങിന്റെ സെർവർ റൂമിൽ നിന്നു പൊട്ടിത്തെറിയുണ്ടായതും പുക ഉയർന്നതും. പൊട്ടിത്തെറിയും അതോടൊപ്പം പുകയും ഉയർന്നതോടെ പെട്ടെന്നുതന്നെ അത്യാഹിത വിഭാഗത്തിൽനിന്നു രോഗികളെ പുറത്തേക്കു മാറ്റി. ചക്രക്കസേരയിലും ട്രോളിയിലുമായി രോഗികളെ പുറത്തേക്കു കൊണ്ടുവരികയായിരുന്നു. ജീവനക്കാരും വൊളന്റിയർമാരും കൈമെയ് മറന്നു പ്രവർത്തിച്ചു.
അത്യാഹിത വിഭാഗത്തിനു പുറത്തെത്തിച്ച രോഗികൾക്ക് അവിടെ നിന്നു ചികിത്സ നൽകി. പിന്നീടാണ് ആംബുലൻസുകളിലായി വിവിധ വാർഡുകൾ, ഐസിയു, സ്വകാര്യ ആശുപത്രികളിലേക്ക് ഉൾപ്പെടെ മാറ്റിയത്. ആദ്യം അത്യാഹിത വിഭാഗത്തിനു മുൻവശത്തു കൂടെയാണ് രോഗികളെ കൊണ്ടുപോയത്. പിന്നീട് പിറകു ഭാഗത്തു കൂടെയും രോഗികളെ പുറത്തെത്തിച്ചു. അവിടേക്ക് ആംബുലൻസ് കൊണ്ടുവന്നു രോഗികളെ മാറ്റി. ഒന്നിനു പിറകെ മറ്റൊന്നായി ആംബുലൻസ് വന്നു കൊണ്ടിരുന്നു. സുരക്ഷാ ജീവനക്കാരും പൊലീസും ചേർന്നു തിരക്ക് നിയന്ത്രിച്ചു. പ്രിൻസിപ്പൽ ഡോ. കെ.ജി.സജീത്ത് കുമാറും വിവിധ വകുപ്പു മേധാവികളും ഉടനെ സ്ഥലത്തെത്തി ആവശ്യമായ ക്രമീകരണങ്ങൾ നടത്തി. ഹെൽപ് സെന്ററും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
