കെഎസ്ആര്‍ടിസി ജീവനക്കാര്‍ നാളെ പണിമുടക്കും, ഗണേഷ് കുമാറിനെ തള്ളി യൂണിയനുകള്‍





തിരുവനന്തപുരം : കെ എസ്ആര്‍ടിസി ജീവനക്കാര്‍ നാളെ നടക്കുന്ന ദേശീയ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ വാദം തള്ളി യൂണിയനുകള്‍. ദേശീയ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് കെഎസ്ആര്‍ടിസി-സിഐടിയു വിഭാഗം നേതാക്കള്‍ അറിയിച്ചു. സമരത്തിന് നോട്ടീസ് നല്‍കിയിട്ടില്ലെന്ന് മന്ത്രി പറയുന്നത് ശരിയല്ല. കഴിഞ്ഞ 25 ന് നോട്ടീസ് നല്‍കിയതാണെന്നും സിഐടിയു നേതാക്കള്‍ ചൂണ്ടിക്കാട്ടി.




പണിമുടക്ക് സംബന്ധിച്ച് മന്ത്രിക്ക് അല്ല നോട്ടീസ് നല്‍കേണ്ടത്. കെഎസ്ആര്‍ടിസി സിഎംഡിക്ക് നോട്ടീസ് നല്‍കിയിട്ടുള്ളതാണെന്നും സിഐടിയു അറിയിച്ചു. സിഐടിയു സംഘടനയില്‍പ്പെട്ട ജീവനക്കാര്‍ ജോലിക്ക് ഹാജരാകില്ല. ദീര്‍ഘദൂര അവശ്യ സര്‍വീസുകള്‍ ഒഴിച്ചുള്ള സര്‍വീസുകള്‍ ഒന്നും ഉണ്ടാകില്ലെന്നും സിഐടിയു വ്യക്തമാക്കി.

ട്രേഡ് യൂണിയനുകള്‍ സംയുക്തമായി നാളെ നടത്തുന്ന ദേശീയ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് ഐഎന്‍ടിയുസിയും എഐടിയുസിയും അറിയിച്ചു. ഇടതു തൊഴിലാളി സംഘടകള്‍ സംയുക്തമായും ഐഎന്‍ടിയുസി പ്രത്യേകവുമായുമാണ് പണിമുടക്കുന്നത്. ദേശീയ പണിമുടക്കിന്റെ ഭാഗമായി നാളെ കേരളം സ്തംഭിക്കുമെന്ന് തൊഴിലാളി സംഘടനകള്‍ അവകാശപ്പെട്ടു. ബി എംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.



ദേശീയ പണിമുടക്ക് ദിനമായ നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ രാവിലെ വ്യക്തമാക്കിയിരുന്നു. നാളത്തെ ദേശീയ പണിമുടക്കിന് കെഎസ്ആര്‍ടിസി യൂണിയനുകള്‍ നോട്ടീസ് നല്‍കിയിട്ടില്ല. കെഎസ്ആര്‍ടിസി ജീവനക്കാര്‍ ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്നുമാണ് മന്ത്രി പറഞ്ഞത്.



കെഎസ്ആര്‍ടിസി പൊതുഗതാഗതമാണ്. അതുകൊണ്ടുതന്നെ തൊഴിലാളികള്‍ സമരം ഒഴിവാക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നത്. സമരം ചെയ്യാന്‍ പറ്റുന്ന സാഹചര്യമല്ല കെഎസ്ആര്‍ടിസിക്ക് ഇപ്പോഴുള്ളത്. കഴിഞ്ഞ തവണ സമരം ചെയ്തപ്പോള്‍ ആറു ശതമാനം ജീവനക്കാര്‍ മാത്രമാണ് പങ്കെടുത്തത്. ബാക്കി 94 ശതമാനം ജീവനക്കാരും ജോലിക്ക് ഹാജരായി എന്നത് കെഎസ് ആര്‍ടിസിയുടെ മാറുന്ന സംസ്‌കാരത്തിന്റെ ഭാഗമാണ് എന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: