സര്‍വകലാശാല കലോത്സവത്തിനിടെ കെഎസ്‌യു പ്രതിഷേധം; എസ്എഫ്‌ഐ തിരഞ്ഞുപിടിച്ച് മര്‍ദ്ദിക്കുന്നുവെന്ന് ആരോപണം




തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവ വേദിയില്‍ പ്രതിഷേധം. രാവിലെ ഒപ്പന മത്സര വേദിയില്‍ കെഎസ് യു പ്രവര്‍ത്തകരാണ് പ്രതിഷേധിക്കുന്നത്. കലോത്സവത്തില്‍ പങ്കെടുക്കാനും കാണാനുമെത്തിയ കെഎസ് യു പ്രവര്‍ത്തകരെ എസ്എഫ്‌ഐക്കാരായ സംഘാടക സമിതിക്കാര്‍ തിരഞ്ഞെുപിടിച്ച് മര്‍ദ്ദിച്ചു എന്നാരോപിച്ചാണ് പ്രതിഷേധം.




എസ്എഫ്‌ഐക്കാര്‍ തല്ലിച്ചതച്ച രണ്ടുപേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു. ശ്രീജിത്ത് എന്ന എസ്എഫ്‌ഐ നേതാവിന്റെ നേതൃത്വത്തിലാണ് മര്‍ദ്ദനം അരങ്ങേറിയത്. മര്‍ദ്ദനം നോക്കി നിന്ന പൊലീസ്, നിങ്ങള്‍ എന്തിനാണ് ഇവിടെ വന്നതെന്നാണ് ചോദിച്ചതെന്നും കെഎസ് യു പ്രവര്‍ത്തകര്‍ പറയുന്നു.



കെഎസ് യു ഭരിക്കുന്ന കോളജുകളിലെയും കെ എസ് യു അനുഭാവമുള്ള വിദ്യാര്‍ത്ഥികളും മത്സരിക്കാനെത്തുമ്പോള്‍ വ്യാപകമായി മര്‍ദ്ദിക്കുന്നുവെന്നാണ് ആരോപണം. ജീവനു സംരക്ഷണം കിട്ടിയതിന് ശേഷ മാത്രം മത്സരം നടത്തിയാല്‍ മതിയെന്ന് മുദ്രാവാക്യം മുഴക്കി കെ എസ് യു പ്രവര്‍ത്തകര്‍ വേദിയില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. പൊലീസ് ഇവരെ തടഞ്ഞു.


ഇതിനിടെ എസ്എഫ്‌ഐക്കാര്‍ സ്ഥലത്തെത്തുകയും കെഎസ് യു പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായി. മത്സരം തടസ്സപ്പെടുത്താന്‍ കെഎസ് യു ശ്രമിക്കുകയാണെന്ന് എസ്എഫ്‌ഐ ആരോപിച്ചു. ഇതിനിടെ കലോത്സവത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും, മത്സരം പുനരാരംഭിക്കണമെന്നും മത്സരാര്‍ത്ഥികളായ ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: