Headlines

സിൽവർലൈൻ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം പൂർണമായും റദ്ദായി; ഭൂ ഉടമകൾക്ക് ഇനി മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാം

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർണമായും റദ്ദായി. ഇതോടെ ഇനി ഭൂ ഉടമകൾക്ക് മഞ്ഞക്കുറ്റികൾ നീക്കാം. കേന്ദ്രാനുമതി ലഭിക്കാതിരിക്കുകയും സംസ്ഥാന സർക്കാർ ബദൽ റെയിൽ പദ്ധതിയായ റീജണൽ റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റം പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് സിൽവർലൈൻ ഭൂമി ഏറ്റെടുക്കൽ ആശങ്കകൾ അവസാനിക്കുന്നത്

സിൽവർലൈൻ ഉപേക്ഷിച്ച് സംസ്ഥാന സർക്കാർ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും പദ്ധതിക്കായി നടത്തിയ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർണമായും റദ്ദായി. സ്ഥലമേറ്റെടുക്കലിലേക്ക് കടന്നിരുന്നില്ലെന്നാണ് കെ-റെയിലിന്റെയും ഔദ്യോഗിക വിശദീകരണം. സാമൂഹിക ആഘാതപഠനം നടത്താൻ അതിർത്തിനിശ്ചയിക്കാനാണ് മഞ്ഞക്കുറ്റികൾ നാട്ടിയത്.

2022-ലെ അതിർത്തിനിർണയവും അതിർത്തിനിശ്ചയിക്കലും ഇതോടെ അസാധുവായി. സിൽവർലൈൻ യാഥാർഥ്യമാകണമെങ്കിൽ വിശദപദ്ധതിരേഖ ഒഴികെയുള്ളവ വീണ്ടും ചെയ്യേണ്ടിവരും. കേന്ദ്രം എതിർക്കുന്ന പശ്ചാത്തലത്തിൽ അതിന് സാധ്യതയില്ല.

കാലാവധി തീർന്നു

അതിരടയാള നിയമപ്രകാരം റവന്യൂവകുപ്പ് ഇറക്കിയ വിജ്ഞാപനത്തിന് പരമാവധി ഒരുവർഷ കാലാവധിയാണ് ഉണ്ടായിരുന്നത്. ഇതിനുള്ളിൽ പഠനം പൂർത്തീകരിച്ചില്ലെങ്കിൽ അസാധുവാകുന്നതാണ് ഈ വിജ്ഞാപനം. ഹിയറിങ് നടത്തി പഠനറിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും വേണം.

ഇതിനുശേഷമാണ് ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ഉത്തരവിറക്കേണ്ടത്. ഈ നടപടിക്രമം സിൽവർലൈനിന്റെ കാര്യത്തിൽ ഉണ്ടായിട്ടില്ല.

അലൈൻമെന്റിൽ കണ്ണുനട്ട് റാപ്പിഡും കേന്ദ്രവും

പുതിയപദ്ധതിക്ക് സിൽവർലൈനിന്റെ അലൈൻമെന്റും പരിഗണനയിലുണ്ട്. ഉയരപ്പാതയിൽ നിർദേശിച്ച റാപ്പിഡ് റെയിലിന് സിൽവർലൈൻ പോലെ സ്ഥലം വേണ്ടിവരില്ല. പാതയ്ക്ക് ഇരുവശത്തും ബഫർ സോണും കുറവായിരിക്കും.

റെയിൽവേയും സിൽവർലൈനിന്റെ അലൈൻമെന്റിൽ കണ്ണുവെച്ചിട്ടുണ്ട്. കേരളത്തിലെ മൂന്നും നാലും പാതകൾ ഇതുവഴിയാകാമെന്നാണ് റെയിൽവേയുടെ നിർദേശം. സംസ്ഥാനം സ്ഥലമേറ്റെടുത്തുനൽകണമെന്ന നിബന്ധനയാണ് റെയിൽവേക്കുള്ളത്. ഇതിനോട് സംസ്ഥാനസർക്കാരിന് വിയോജിപ്പുണ്ട്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: