Headlines

കേരളത്തിലെ ഏറ്റവും വലിയ എം.ഡി.എം.എ. വേട്ട; ഫാസിലിൽ നിന്നും കണ്ടെടുത്തത് 9000 എം.ഡി.എം.എ. ഗുളികകള്‍

തൃശ്ശൂര്‍: രണ്ടരക്കിലോ എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് തൃശ്ശൂരിൽ നിന്നും പിടികൂടിയത്. 9000 എം.ഡി.എം.എ. ഗുളികകള്‍ ആണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. കേരളത്തിലെ ഏറ്റവും വലിയ എം.ഡി.എം.എ. വേട്ടയാണിതെന്നും പോലീസ് പറയുന്നു.


തൃശ്ശൂര്‍ കേന്ദ്രീകരിച്ച് ലഹരിക്കടത്ത് നടക്കുന്നതായി കഴിഞ്ഞദിവസം പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച രാത്രി ഒല്ലൂരില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഫാസിലിനെ പിടികൂടിയത്. എറണാകുളത്തുനിന്ന് കാറില്‍ തൃശ്ശൂരിലേക്ക് വരികയായിരുന്നു പ്രതി. കാറില്‍നിന്ന് ഏതാനും എം.ഡി.എം.എ. ഗുളികകള്‍ കണ്ടെടുത്തു. പിന്നാലെ ഇയാളുടെ ആലുവയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലും നിരവധി മയക്കുമരുന്ന് ഗുളികള്‍ പിടിച്ചെടുത്തു. ഇവയെല്ലാംകൂടി രണ്ടരക്കിലോ തൂക്കം വരുമെന്നാണ് പോലീസ് നല്‍കുന്നവിവരം.

പിടിയിലായ ഫാസില്‍ എം.ഡി.എം.എ.യുടെ മൊത്തവിതരണക്കാരനാണ്. ഗോവയില്‍നിന്ന് വന്‍തോതില്‍ എം.ഡി.എം.എ. എത്തിച്ച് നാട്ടില്‍ വില്‍പ്പന നടത്തുന്നതാണ് ഇയാളുടെ രീതി. പ്രതിയുടെ കണ്ണൂരിലെ വീട്ടിലും പോലീസ് പരിശോധന നടത്തുന്നുണ്ട്. കേസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അറിയിക്കാനായി തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍.ഇളങ്കോ ബുധനാഴ്ച വാര്‍ത്താസമ്മേളനവും വിളിച്ചുചേര്‍ത്തിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: