പഞ്ചാബ്: പഞ്ചാബിലെ കോളേജിൽ സഹപാഠിയെ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ നിയമവിദ്യാർത്ഥി സ്വയം വെടിയുതിർത്ത് മരിച്ചു. പഞ്ചാബ് തരൺ തരണിലെ ഉസ്മ ലോ കോളേജിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്
ഒന്നാം സെമസ്റ്റർ വിദ്യാർത്ഥിയായ പ്രിൻസ് രാജ് ആണ് സഹപാഠിയായ സന്ദീപ് കൗറിന് നേരെ വെടിയുതിർത്തത്. ആക്രമണത്തിൽ സന്ദീപ് കൗർ ക്ലാസ് റൂമിൽ വെച്ച് തന്നെ മരിച്ചു. തുടർന്ന് പ്രിൻസ് രാജ് സ്വയം വെടിയുതിർക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളിൽ, വെടിവെയ്പ്പിന് മുമ്പ് പ്രിൻസ് രാജ് ബാഗുമായി നടന്ന് പോകുന്നത്, പിന്നീട് സഹപാഠികളോടൊപ്പം ക്ലാസ് റൂമിൽ ഇരിക്കുന്നതും കാണാം. തൊട്ടുപിന്നാലെ ബാഗിൽ സൂക്ഷിച്ചിരുന്ന പിസ്റ്റൾ എടുത്ത് വെടിയുതിർക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഗുരുതരമായി പരിക്കേറ്റ പ്രിൻസ് രാജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകത്തിന് പിന്നിലെ കാരണം പ്രണയാഭ്യർത്ഥന നിരസിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പഞ്ചാബ് പൊലീസ് അറിയിച്ചു.
തോക്കുമായി വിദ്യാർത്ഥി ക്ലാസ് റൂമിലെത്തിയത് കോളേജ് അധികൃതരുടെ ഗുരുതര വീഴ്ചയാണെന്നും, സംഭവത്തിൽ കോളേജ് ഭരണകൂടത്തിനെതിരെയും നടപടി സ്വീകരിക്കണമെന്നും സന്ദീപ് കൗറിൻ്റെ കുടുംബം ആവശ്യപ്പെട്ടു

