തിരുവനന്തപുരം: കേരള പൊലീസുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തുന്നതിനിടെ ഇന്ന് എൽഡിഎഫ് യോഗം. ഗുരുതര ആരോപണങ്ങൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഭരണപക്ഷ എംഎൽഎ ഉൾപ്പെടെ പരസ്യമായി ഉന്നയിച്ചിട്ടും ആഭ്യന്തര വകുപ്പ് നടപടി എടുക്കാത്തതിൽ സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികൾ അമർഷത്തിലാണ്. ഈ സാഹചര്യത്തിൽ ഇന്ന് വൈകിട്ട് മൂന്നിന് എകെജി സെന്ററിൽ നടക്കുന്ന എൽഡിഎഫ് യോഗം നിർണായകമാണ്.
എഡിജിപി എം ആര്‍ അജിത്കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ മുഖ്യമന്ത്രി എന്തു നടപടി സ്വീകരിക്കുമെന്നതാകും സിപിഐയും ആര്‍ജെഡിയും ഉൾപ്പെടെ എൽഡിഎഫിൽ ഉയർത്തുന്ന പ്രധാന ചോദ്യം. ആർഎസ് എസ് നേതാക്കളുമായുള്ള അജിത്കുമാറിന്റെ കൂടിക്കാഴ്ച അടക്കമുള്ള ആരോപണങ്ങളിൽ ഇയാളെ മാറ്റണമെന്നുള്ള നിലപാടിലാണ് ഘടകക്ഷികൾ.
അജിത്കുമാറിനെ മാറ്റണമെന്ന നിലപാടിലാണ് സിപിഐയും ആര്‍ജെഡിയും. മലപ്പുറത്ത് അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ കണക്കിലെടുത്ത് ജില്ലയിലെ എസ്പിയേയും ഡിവൈഎസ്പിമാരെയും സ്ഥലം മാറ്റിയിരുന്നു. ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളില്‍ പരിശോധനക്ക് ശേഷം സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചേക്കും.
അജിത്കുമാറിനോടുള്ള മുഖ്യമന്ത്രിയുടെ മൃദുസമീപനത്തിൽ കടുത്ത വിയോജിപ്പാണ് സിപിഎം നേതൃത്വത്തിനുള്ളത്. ഇപി ജയരാജനു പകരം ടിപി രാമകൃഷ്ണൻ ഇടതുമുന്നണി കൺവീനറായതിനു ശേഷമുള്ള അദ്യത്തെ യോഗമെന്ന പ്രത്യേകത ഇന്നത്തെ മുന്നണി യോഗത്തിന് ഉണ്ട്

