Headlines

ടൈം മാഗസിന്റെ 2023 ലെ അത്‌ലറ്റ് ഓഫ് ദി ഇയർ പുരസ്കാരം ലയണൽ മെസ്സിക്ക് 

ഇന്റർ മിയാമിയിൽ ചേർന്നതിന് പിന്നാലെ ലയണൽ മെസ്സി ടൈം മാഗസിന്റെ 2023 ലെ അത്‌ലറ്റ് ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കൻ സോക്കറിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിച്ചതാണ് മെസ്സിയെ ഈ നേട്ടത്തിന് അർഹനാക്കിയത്. മെസ്സി ഇന്റർ മയാമിയിലേക്ക് എത്തിയതിന് പിന്നാലെയാണ് ക്ലബ്ബ് തങ്ങളുടെ ചരിത്രത്തിലെ ആദ്യ കിരീടമായ ലീഗ്‌സ് കപ്പ് നേടുന്നത്. താരം ഇന്റർ മിയാമിയിലേക്ക് മാറിയതോടെ യുഎസിൽ കായികരംഗത്തെ അവബോധം വളർത്താനായെന്നാണ് വിലയിരുത്തപ്പെടുന്നത്.

ലോകകപ്പ് വിജയത്തിന് പിന്നാലെ നിരവധി അവാർഡുകളാണ് സൂപ്പർ താരത്തെ തേടിയെത്തിയത്. കഴിഞ്ഞ ഒക്ടോബറിലാണ് മെസ്സി കരിയറിലെ എട്ടാം ബാലൺദ്യോർ സ്വന്തമാക്കിയത്. നേരത്തേ ലോറസ് അവാർഡും ഫിഫ ദ ബെസ്റ്റ് അവാർഡും മെസ്സിക്ക് ലഭിച്ചിരുന്നു. 2022 ഖത്തർ ലോകകപ്പിൽ അർജന്റീനയെ ചാമ്പ്യൻമാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് മെസ്സി. ലോകകപ്പിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട മെസ്സി ഫൈനലിലെ ഇരട്ട ഗോളുൾപ്പെടെ ഏഴ് ഗോളുകളടിച്ചു. 1986-ൽ മാറഡോണയ്ക്ക് ശേഷം അർജന്റീനയെ ലോകചാമ്പ്യന്മാരാക്കിയ നായകനുമായി.

ക്ലബ്ബ് ഫുട്‌ബോളിലും മികച്ച പ്രകടനമാണ് 2022-23 സീസണിൽ താരം കാഴ്ചവെച്ചത്. ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിക്കായി ലീഗിൽ 16 വീതം ഗോളുകളും അസിസ്റ്റും നേടി. ചാമ്പ്യൻസ് ലീഗിലും ടീമിനായി മികച്ചുനിന്നു. പിഎസ്ജി വിട്ട് എംഎൽഎസ് ക്ലബ് ഇന്റർ മയാമിയിൽ ചേർന്ന മെസ്സി ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ കിരീടനേട്ടത്തിൽ പങ്കാളിയാവുകയും ചെയ്തു. ഇന്റർ മയാമിയെ ലീഗ്‌സ് കപ്പ് വിജയത്തിലെത്തിച്ചതിൽ നിർണായകമായിരുന്നു അർജന്റീന നായകന്റെ പ്രകടനം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: